വഖഫ് ഭേദഗതി നിയമമാകുമ്പോൾ
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയിരിക്കുകയാണ്. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാകും. വഖഫ് നിയമത്തിൽ ഭേദഗതി വരുത്തുന്നത് ഇതാദ്യമായല്ല. നിരവധി നിയമ നിർമ്മാണ പരിവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ പരിപാലനം വികസിച്ചത്. 1894-ലെ പ്രിവി കൗൺസിൽ വിധി മുതൽ 1913, 1923,1930 എന്നീ വർഷങ്ങളിലെ മുസൽമാൻ വഖഫ് നിയമങ്ങൾ, 1954-ലെ വഖഫ് നിയമം, തുടർന്നുള്ള ഭേദഗതികൾ ഉൾപ്പെടെ വിവിധ നിയമങ്ങൾ വഖഫ് പരിപാലനത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. 1995-ലെ വഖഫ് നിയമം നിയന്ത്രണ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും 2013-ലെ പ്രധാന ഭേദഗതി അതിന്റെ വ്യാപ്‌തി വികസിപ്പിക്കുകയും ചെയ്തു. ഇത്രയൊക്കെ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇതൊക്കെ മറികടന്ന് വഖഫ് സ്വത്തുക്കൾ പലപ്പോഴും വിൽക്കുകയും പാട്ടത്തിന് നൽകുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇതിന്റെ പേരിൽ നിരവധി കേസുകളും നിലവിലുണ്ട്.
അതുപോലെതന്നെ, വഖഫ് സ്വത്തുക്കളുടെ ഗണ്യമായ ഭാഗം കൈയേറ്റത്തിന് വിധേയമായിട്ടുണ്ട്. നിലവിൽ രാജ്യത്ത് വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് 31,999 വ്യവഹാരങ്ങളാണ് നടക്കുന്നത്. അതിൽ 16,140 കേസുകൾ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ 3165 കേസുകളിലെ ഹർജിക്കാർ മുസ്ളിങ്ങൾ തന്നെയാണ്.
വഖഫ് ബോർഡുകളിൽ സുതാര്യത ഉറപ്പുവരുത്താൻ നിയമത്തിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരേണ്ടത് ആവശ്യം തന്നെയാണ്. അതാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്‌തിരിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി വഖഫ് ബോർഡിന്റെ പക്കലുള്ള ഭൂമിയുടെ രേഖകളിൽ സംശയമുന്നയിച്ച് പിടിച്ചെടുക്കാൻ സർക്കാർ നടത്തുന്ന ശ്രമമാണെന്നാണ് പ്രതിപക്ഷവും മുസ്ളിംലീഗിന്റെയും നേതാക്കൾ ആരോപിക്കുന്നത്. ഈ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സാധാരണ മുസ്ളിങ്ങൾ- പ്രത്യേകിച്ച് മുസ്ളിം സ്‌ത്രീകൾ- സർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. സമുദായത്തിന്റെ ആസ്തികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ പുതിയ ഭേദഗതി നിയമം ഉതകുമെന്നാണ് അവർ കരുതുന്നത്. ഏതു ഭൂമിയും വഖഫായി പ്രഖ്യാപിക്കാൻ കഴിയില്ല, വഖഫ് ബോർഡിന്റെയും ട്രൈബ്യൂണലിന്റെയും തീരുമാനം അന്തിമമല്ല, 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ വ്യവസ്ഥ, ചരിത്രസ്‌മാരകങ്ങളെ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ റദ്ദാക്കും, പട്ടികവർഗത്തിന്റെ ഭൂമി വഖഫായി പ്രഖ്യാപിക്കുന്നതിന് പൂർണ വിലക്ക് തുടങ്ങിയ സുപ്രധാന മാറ്റങ്ങളാണ് വഖഫ് ഭേദഗതിയുടെ ഭാഗമായി നിലവിൽ വരുന്നത്. വഖഫ് നിയമത്തിന്റെ കുരുക്കിൽപ്പെട്ട കേരളത്തിലെ മുനമ്പം നിവാസികൾ നടത്തിയ ഭൂസമരം രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്. പുതിയ നിയമം വരുന്നതോടെ മുനമ്പത്തിന്റെ ആശങ്ക അകലുമെന്നത് ആശ്വാസമാണ്. പുതിയ നിയമത്തിന്റെ ചുവടുപിടിച്ച് ഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങൾ ജനങ്ങൾക്ക് നൽകാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ ഇനി സ്വീകരിക്കേണ്ടത്.
മുനമ്പം പ്രശ്നത്തെ ഒരു നിയമപ്രശ്നമായിത്തന്നെ കണ്ട് പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ അതിൽ വർഗീയതയും രാഷ്ട്രീയവും കലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം എല്ലാ രാഷ്ട്രീയകക്ഷികളും ഉപേക്ഷിക്കേണ്ടതാണ്.
രാജ്യത്ത് വ്യവഹാരങ്ങൾ വർദ്ധിപ്പിക്കാനല്ല, മറിച്ച് കുറയ്ക്കാനാണ് നിയമങ്ങൾ ഉണ്ടാകേണ്ടത്. നിലവിലുള്ള വഖഫ് നിയമത്തിലെ അവ്യക്തതകൾ മാറ്റാനുള്ള ശ്രമമാണ് ഭേദഗതിയിലൂടെ സർക്കാർ നടത്തിയിരിക്കുന്നത്. വഖഫ് ഭൂമിയുടെ ന്യായമായ പരിപാലനത്തിന് ഉതകുന്നതാണ് പുതിയ ഭേദഗതികളെന്നാണ് അനുമാനിക്കേണ്ടത്. കഴിഞ്ഞ നിരവധി വർഷങ്ങളായി മുസ്ളിം സമുദായവുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയതിനു ശേഷമാണ് വഖഫ് സംബന്ധമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുള്ളതെന്നതും വിസ്മരിക്കാനാവില്ല. വഖഫ് ബോർഡുകൾക്ക് ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ കഴിയുമെന്ന വകുപ്പ്- 40 സമ്പൂർണമായി ഒഴിവാക്കിയത് ഒട്ടേറെ വ്യവഹാരങ്ങൾക്ക് അന്തിമ പരിഹാരമാകാൻ ഇടയാക്കുന്നതാണ്.