മെഡിസെപ്പ് പദ്ധതി പിഴിച്ചിലാകരുത്
സേവന മേഖലകളിൽ ഏറ്രവും വലുതാണ് ഇപ്പോൾ ആരോഗ്യ ഇൻഷ്വറൻസ് മേഖല. വന്നുവന്ന്, അതുതന്നെയായിരിക്കുന്നു, ഏറ്റവും വലിയ കച്ചവടമേഖലയും! സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് കൂടുതൽ ആധുനികമായ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമായ സ്വകാര്യ ആശുപത്രികളിൽ സാധാരണ രോഗങ്ങൾക്കു പോലുമുള്ള ചികിത്സാചെലവ് കഴുത്തറുപ്പൻ കച്ചവടമായിത്തീർന്ന സാഹചര്യത്തിലാണ്, ആരോഗ്യ ഇൻഷ്വറൻസിനെ ആളുകൾ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്. സ്വകാര്യ ഇൻഷ്വറസ് കമ്പനികളാകട്ടെ, ആശുപത്രികളേക്കാൾ വലിയ കൊള്ളക്കാരായിട്ടാവും പലപ്പോഴും അവതരിക്കുക. ചികിത്സാ ചെലവ് ക്ളെയിം ചെയ്യുന്ന പോളിസി ഉടമയ്ക്ക് എന്തെല്ലാം ന്യായം പറഞ്ഞ് അതു നൽകാതിരിക്കാം എന്നതിലാണ് അവരുടെ ഗവേഷണം. ഇതൊക്കെക്കൊണ്ടാണ് മൂന്നുവർഷം മുമ്പ് മെഡിസെപ് എന്ന പേരിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നിർബന്ധിത ഇൻഷ്വറൻസ് പദ്ധതി ആവിഷ്കരിച്ചപ്പോൾ അവരൊക്കെ സന്തോഷിച്ചത്.
സ്വന്തം ജീവനക്കാരുടെ കാര്യത്തിൽ സർക്കാരിനുള്ള ഉത്തരവാദിത്വബോധം ഓർത്ത് ജീവനക്കാരും പെൻഷൻകാരും കുറച്ചൊക്കെ ഗർവിക്കുകയും ചെയ്തിരിക്കാം. പക്ഷേ, പദ്ധതി അവസാനിക്കാൻ രണ്ടുമാസം കൂടി മാത്രം ബാക്കിയിരിക്കെ ഇവരുടെ പ്രാർത്ഥന, ഈ പദ്ധതി പുതുക്കുന്നെങ്കിൽ താത്പര്യമുള്ളവർക്കു മാത്രമായി അത് പരിമിതപ്പെടുത്തണേ എന്നാണ്! കാരണം ലളിതമാണ്: കൊള്ളാവുന്ന ആശുപത്രികളൊന്നും മെഡിസെപ് പദ്ധതിയിൽ അംഗമായിട്ടില്ല. അംഗീകരിച്ച ചുരുക്കം ആശുപത്രികളിലാകട്ടെ, പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങളൊന്നും കിട്ടുകയുമില്ല. അപ്പോൾ, നിർബന്ധപൂർവം ഈടാക്കുന്ന പ്രീമിയം തുകയോ എന്ന് ചോദിക്കരുത്. ഏതു കച്ചവടത്തിലും ലാഭം ഉടമയ്ക്കു മാത്രമേയുള്ളൂ. ഉപഭോക്താവിന് ഇരകളുടെ റോൾ മാത്രം. സംസ്ഥാനത്ത് അഞ്ചരലക്ഷത്തോളം സർക്കാർ ജീവനക്കാരുണ്ട്. അതിലുമധികം വരും പെൻഷൻകാർ. ഈ പതിനൊന്നു ലക്ഷത്തോളം പേർ മെഡിസെപ് പദ്ധതിയനുസരിച്ച് പ്രതിമാസം അടയ്ക്കേണ്ട പ്രീമിയം 500 രൂപയാണ്. ആശ്രിതരായ കുടുംബാംഗങ്ങളുടെ എണ്ണം കൂടി ചേർത്താൽ ആകെ ഗുണഭോക്താക്കളുടെ എണ്ണം 30 ലക്ഷത്തിലധികം.
ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കാണ് മെഡിസെപ് പദ്ധതിയുടെ നിർവഹണച്ചുമതല. ആദ്യവർഷം മെഡിസെപ് ഇനത്തിൽ കമ്പനിക്ക് സംസ്ഥാന സർക്കാർ 500 കോടി രൂപ നല്കിയപ്പോൾ ആദ്യം അവരും സന്തോഷിച്ചിരിക്കണം. പക്ഷേ, ആദ്യവർഷമുണ്ടായ ക്ളെയിമുകളുടെ മൂല്യം 717 കോടി ആയിരുന്നു! അതുപിന്നെ, 697 കോയിയായി അംഗീകരിച്ചു. കണക്കനുസരിച്ച് കമ്പനിക്ക് ആദ്യവർഷ നഷ്ടം 20 കോടി! നിലവിൽ ശമ്പള സ്കെയിൽ വ്യത്യാസമൊന്നുമില്ലാതെ മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. മെഡിസെപ് പദ്ധതിയിലെ പാളിച്ചകളെക്കുറിച്ച് തുടക്കംതൊട്ടേ ആക്ഷേപങ്ങളുയർന്നതാണ്. അതൊന്നും യഥാകാലം പരിഹരിക്കാനോ കൂടുതൽ ആശുപത്രികളെ സേവനപട്ടികയിൽ ഉൾപ്പെടുത്താനോ സർക്കാരിനായില്ല. മെഡിസെപ്പിലെ പാളിച്ചകൾ പഠിക്കാനും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനം സർക്കാർ നിയോഗിച്ച ഡോ. ശ്രീറാം വെങ്കിട്ടരാമൻ കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
പദ്ധതി തുടരേണ്ടതുണ്ടോ എന്ന കാര്യം റിപ്പോർട്ട് കിട്ടിയതിനു ശേഷം സർക്കാർ തീരുമാനിക്കും. നിർബന്ധപൂർവം ജീവനക്കാരെ അംഗങ്ങളാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ പദ്ധതിപ്രകാരമുള്ള സേവനം ഉപഭോക്താവിന്റെ അവകാശമാണ്. അത് ലഭിക്കുക തന്നെ വേണം. അടുത്തുള്ള ആശുപത്രികളിൽത്തന്നെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ജീവനക്കാർക്കും, സർക്കാരിൽ നിന്ന് ആ ചികിത്സാചെലവിന്റെ തുക കാലതാമസം കൂടാതെ കിട്ടുമെന്ന് ആശുപത്രികൾക്കും, ബോദ്ധ്യവും വിശ്വാസവും വരണം. അത്തരത്തിൽ പദ്ധതി പുന:ക്രമീകരിക്കാനും, മെഡിസെപ്പ് പദ്ധതിക്ക് തുക അനുവദിക്കുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിക്കാതിരിക്കാനും കഴിയണം. ഏതെങ്കിലും സാഹചര്യത്തിൽ അതിനു കഴിയുന്നില്ലെങ്കിൽ പദ്ധതിയുടെ നിർബന്ധിത സ്വഭാവം ഒഴിവാക്കുകയെങ്കിലും വേണം. അതിന് അനുസരിച്ചുള്ള നിർദ്ദേശങ്ങൾ വേണം സർക്കാരിനു മുമ്പാകെ കമ്മിറ്റി സമർപ്പിക്കാൻ. പ്രീമിയം ഈടാക്കി പഴി കേൾക്കണമെന്ന് സർക്കാരിന് നേർച്ചയൊന്നുമില്ലല്ലോ!