പരിശോധന കർശ്ശനമാക്കി മാരിടൈം സ്ക്വാഡ്: അവധിക്കാലത്ത് സുരക്ഷിതമാക്കാം ജലയാത്ര

Friday 04 April 2025 8:39 PM IST

കണ്ണൂർ: വേനൽ അവധി കാലത്ത് കുട്ടികളടക്കമുള്ളവരുടെ ജലയാത്രകൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി. സ്കൂൾ അടച്ചതോടു കൂടി ബോട്ടു ജട്ടികളിലും മറ്റ് ജലാശയങ്ങളിലും എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് പരിശോധന.അനധികൃതമായി ബോട്ടുകൾ സർവ്വീസ് നടത്താനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണ് കേരള ഇൻലാൻഡ് വെസൽ റൂൾ പ്രകാരം കേരള മാരിടൈം ബോർഡ് രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.

ആവശ്യമെങ്കിൽ കോസ്റ്റൽ പൊലീസിന്റെ സഹായവും തേടും. മാഹി മോന്താലിൽ നിബന്ധനകൾ ലംഘിച്ചു സർവീസ് നടത്തിയ 4 സ്പീഡ് ബോട്ടുകൾക്കും 3 ശിക്കാര ബോട്ടുകൾക്കും സ്റ്റോപ് മെമ്മോ നൽകി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ രജിസ്ട്രേഷനുള്ള ജില്ലകളിൽ റജിസ്ട്രേഷനുള്ള നൂറ്റിഅൻപതോളം ജലയാനങ്ങളാണുള്ളത്.

പരിശോധന ഇവയിൽ

രജിസ്ട്രേഷൻ

ലൈസൻസ്

 ഫിറ്റ്നസ്

ഇൻഷുറൻസ്

 ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ

മലിനീകരണ നിയന്ത്രണം

ബോട്ടുകളുടെ വലിപ്പത്തിന് അനുസരിച്ചു നിയമപ്രകാരം ജീവനക്കാർ

സ്രാങ്ക്, ലാസ്കർ, എൻജിൻ ഡ്രൈവർ യോഗ്യതാപരിശോധന

ഉടമകൾ ശ്രദ്ധിക്കേണ്ടത്

ഉപയോഗിക്കേണ്ടത് രജിസ്‌ട്രേഷൻ-വാർഷിക സർവ്വേ സർട്ടിഫിക്കറ്റ് എന്നിവയുള്ള ബോട്ടുകൾ

കാലാവധി അവസാനിച്ചാൽ ബോട്ട് പ്രവർത്തിപ്പിക്കാൻ പാടില്ല.

സർവ്വേ-രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പ്രദർശിപ്പിക്കണം .

മുഴുവൻ അഗ്നിശമന ഉപകരണങ്ങളും ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണം

വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടുകൾ സൂര്യാസ്തമയത്തിനു ശേഷം പ്രവർത്തിപ്പിക്കരുത്.

 ഇൻഷുറൻസ് കാലാവധി അവസാനിച്ചാൽ ബോട്ട് പ്രവർത്തിപ്പിക്കരുത്

കാലാവസ്ഥ പ്രതികൂലമായാൽ ബോട്ട് പ്രവർത്തിപ്പിക്കരുത്.

യാത്രക്കാർക്ക് സുരക്ഷാ ബോധവത്കരണം

യാത്രക്കാർക്കും നിയമമുണ്ട് പാലിക്കേണ്ട നി‌ർദേശങ്ങൾ

ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം

 അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രം പ്രവേശിക്കുക

യാത്രക്കാരുടെ എണ്ണം അനുമതി പ്രകാരം മാത്രം

അഗ്നി ബാധയുണ്ടാകാൻ സാദ്ധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക

പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.നിയമാനുസൃതം സർവ്വീസ് നടത്തുന്ന ബോട്ടുകളാണെന്ന് യാത്ര നടത്തുന്നവർ ആദ്യമേ തന്നെ ഉറപ്പ് വരുത്തണം.

പി.കെ.അരുൺ കുമാർ,അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ