മനോജ് കുമാർ ഓർമ്മയായി
മുംബയ്: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മനോജ് കുമാർ (87) ഇനി ഓർമ്മ. ഇന്നലെ മുംബയിലെ കോകില ബെൻ ദിരുബായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ. ദേശസ്നേഹം ജ്വലിക്കുന്ന സിനിമകളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ നടനും സംവിധായകനുമായ അദ്ദേഹം, 'ഭാരത് കുമാർ" എന്നും അറിയപ്പെട്ടു. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ എന്നീ നിലകളിലും ശ്രദ്ധനേടി. 1992ൽ പദ്മശ്രീയും 2015ൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. 1965ലെ ഇന്തോ-പാക് യുദ്ധ പശ്ചാത്തലത്തിൽ അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച 'ഉപ്കാറി"ന് (1967) മികച്ച രണ്ടാമത്തെ ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഏഴ് ഫിലിം ഫെയർ അവാർഡുകളും നേടി. ശശി ഗോസ്വാമിയാണ് ഭാര്യ. വിശാൽ, നടൻ കുനാൽ ഗോസ്വാമി എന്നിവരാണ് മക്കൾ.
# മൂല്യമേറിയ താരം
1937 ജൂലായ് 24ന് ഇന്നത്തെ പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ജനനം. ഹരികൃഷൻ ഗിരി ഗോസ്വാമി എന്നാണ് യഥാർത്ഥ പേര്. വിഭജന കാലത്ത് അദ്ദേഹത്തിന്റെ കുടുംബം ഡൽഹിയിലേക്ക് കുടിയേറി. 1957ൽ ഫാഷൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ദിലീപ് കുമാറിനോടുള്ള ആരാധനയാൽ മനോജ് കുമാർ എന്ന പേര് സ്വീകരിച്ചു. ' വോ കോൻ തി" (1964) എന്ന ചിത്രം വഴിത്തിരിവായി. ചിത്രത്തിലെ 'ലഗ് ജാ ഗലെ", 'നൈന ബർസേ റിംജിം" എന്നീ ഗാനങ്ങൾ തരംഗമായി. 1965ൽ ഭഗത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഷഹീദ് " എന്ന ചിത്രത്തിലൂടെ താരപദവിയിലേക്കുയർന്നു. ഷഹീദിലെ അഭിനയത്തിന് അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അഭിനന്ദിച്ചു. 'ജയ് ജവാൻ ജയ് കിസാൻ" എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന ശാസ്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് 'ഉപ്കാർ" പിറവികൊണ്ടത്. സിനിമയിലെ 'മേരി ദേശ് കി ദർതീ " എന്ന ഗാനം റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമായി മാറി. ഗുംനാം, സാവൻ കി ഘട്ട, പഥർ കേ സനം, സാജൻ, മേരാ നാം ജോക്കർ, ക്രാന്തി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ വേഷമിട്ടു. മനോജ് സംവിധാനം ചെയ്ത് അഭിനയിച്ച പുരബ് ഔർ പശ്ചിം ( 1970 ) ഇന്ത്യയിലും വിദേശത്തും ഹിറ്റായി. 1995ൽ അഭിനയത്തിന് വിരാമമിട്ട അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു.