ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം: കാസർകോട് ഗവ. മെഡിക്കൽ കോളേജ് നിർമ്മാണം ത്വരിതപ്പെടുത്തണം
കാസർകോട് : ആരോഗ്യ മേഖലയിൽ കാസർകോട് ജില്ലയിലുള്ള സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജിന്റെ നിർമ്മാണം ത്വരിതപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ജില്ലയിൽ ആരോഗ്യസംവിധാനങ്ങൾ കുറവായതിനാൽ കർണാടകയെ ആശ്രയിക്കേണ്ടി വരികയാണെന്ന് ആരോപിച്ച് എ.എ.അബ്ദുൾ സത്താർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്. മെഡിക്കൽ കോളേജിന്റെ അവസ്ഥ സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കാസർകോട് ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിലവിൽ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം നിർത്തി വച്ചിരിക്കുകയാണെന്ന് പറയുന്നു. പഴയ റേറ്റിൽ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്നാണിത്. ഈ കരാറുകാരനെ സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. ആശുപത്രി ബ്ലോക്കിന്റെ പണി പൂർത്തിയാക്കണമെങ്കിൽ സെക്രട്ടേറിയറ്റ് തലത്തിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ പണി 70 ശതമാനം പൂർത്തിയാക്കി. പെൺകുട്ടികളുടെ ഹോസ്റ്റൽ, ടീച്ചേഴേസ് ക്വാർട്ടേഴ്സ് എന്നിവയുടെ പണിയും പൂർത്തിയാക്കിയിട്ടില്ല. കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് മൂന്നു ലക്ഷം രൂപ എം. എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സ്ഥിരം കണക്ഷന് 18 ലക്ഷം രൂപ അടക്കണം. കുടിവെള്ള കണക്ഷൻ അനുവദിക്കാൻ കാസർകോട് വികസന പാക്കേജിൽ നിന്നും പണം നൽകിയെങ്കിലും വാട്ടർ അതോറിറ്റി പണി പൂർത്തിയാക്കിയിട്ടില്ല.