ധനുവച്ചപുരത്ത് വിദ്യാർത്ഥിനികൾ തമ്മിൽ സംഘട്ടനം: മൂന്നുപേർ ആശുപത്രിയിൽ
ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ വിദ്യാർത്ഥിനികൾ തമ്മിൽ കൈയാങ്കളിയും സംഘട്ടനവും.ഐ.ടി.ഐയിലെ എം.സി.ഇ.എ ഡിപ്പാർട്ട്മെന്റിലെ ഒരു വിദ്യാർത്ഥിനിയും എം.എം.വി ഡിപ്പാർട്ട്മെന്റിലെ രണ്ട് വിദ്യാർത്ഥിനികളുമാണ് ഏറ്റുമുട്ടിയത്.സംഭവത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥിനികളും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ഹോളി ദിനത്തിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.ഇതിന്റെ വൈരാഗ്യമാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലെന്നാണ് മർദ്ദനമേറ്റ വിദ്യാർത്ഥിനികളിൽ ഒരാൾ പറയുന്നു.ഇന്നലെ ഉച്ചയ്ക്ക് എം.എം.വി വിദ്യാർത്ഥിനികൾ എം.സി.ഇ.എ ട്രേഡിലെ വിദ്യാർത്ഥിനിയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി.ഐ.ടി.ഐ കെട്ടിടത്തിന്റെ പിറകിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ സഹപാഠികളും,അദ്ധ്യാപകരും ചേർന്ന് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.തുടർന്ന് പരിക്കേറ്റ മൂന്നുപേരെയും
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറശാല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.