ചൂടിൽ വാടി പച്ചക്കറിക്കൃഷി
കോട്ടയം : കടുത്ത ചൂടിൽ പച്ചക്കറി ഉത്പാദനം പകുതിയായത് കർഷകരെ നിരാശയിലാഴ്‌ത്തി. പയർ, പടവലം പോലുള്ള പച്ചക്കറികൾ സാധാരണ വിളവെടുപ്പ് ആരംഭിച്ച് 3 മാസത്തിലേറെ തുടർച്ചയായി വിളവ് എടുക്കുകയായിരുന്നു പതിവ്. ഇക്കുറി ഒന്നര മാസം പോലും വിളവ് ലഭിച്ചില്ല. ഉത്പന്നത്തിന് മതിയായ വില ഉണ്ടായിരുന്നിട്ടും വിളവ് കുറഞ്ഞതിനാൽ മുൻ കാലങ്ങളിൽ നിന്ന് വളരെ കുറഞ്ഞ തുകയാണ് കർഷകർക്ക് ലഭിച്ചത്. കനത്തചൂടിനെ പിന്നാലെയെത്തിയ മഴയും ഇരുട്ടടിയായി. വളം, കീടനാശിനി വിലവർദ്ധന, കൂലിച്ചെലവ്, ഉത്പന്നങ്ങൾക്ക് ന്യായ വില ലഭിക്കാത്ത അവസ്ഥ തുടങ്ങിയവ കർഷകരെ കൃഷിയിൽ നിന്ന് അകറ്റുകയാണ്. പതിവായി പച്ചക്കറിക്കൃഷി നടത്തിയിരുന്ന പലരും പശു വളർത്തലിലേക്കും കൂലിപ്പണിയിലേക്കും മാറി. ഈ സ്ഥിതി തുടർന്നാൽ ഓണക്കാലത്തും നാടൻ പച്ചക്കറികൾ കിട്ടാക്കനിയാകും.
മുതലെടുത്ത് മറുനാടൻ ലോബി
നാടൻപച്ചക്കറി ഉത്പാദനം കുറഞ്ഞത് മറുനാടൻ ലോബി മുതലെടുക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായി പച്ചക്കറികളെത്തുന്നത്. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കയുണ്ട്. വിഷുവിപണിയിലേക്കുള്ള കണിവെള്ളരിയും കുറവാണ്. നാടൻ ഏത്തവാഴക്കൃഷി ഇത്തവണ വൻതോതിൽ നടത്തിയിട്ടുണ്ട്. എന്നാൽ കുലച്ചു തുടങ്ങുന്നതേയുള്ളൂ.
ചാഴി ആക്രമണത്തിൽ തകർന്ന്
നെൽക്കൃഷി ചെയ്യുന്നതിന് സമീപം പുരയിടങ്ങളിലും മറ്റും കൃഷി ചെയ്ത കർഷകർക്ക് ഇക്കുറി ചാഴിയുടെ ആക്രമണം രൂക്ഷമായിരുന്നു. ചാഴി കുത്തി കായ്‌ക്കൾ കേടാകുകയും, വള്ളി പഴുത്ത് ഉണങ്ങുകയാണ് ഉണ്ടായത്. ഇതിനാൽ വിളവെടുക്കേണ്ട സമയത്ത് വൻനഷ്ടം സംഭവിച്ചു. പയർ, പടവലം, വെള്ളരി, പാവൽ എന്നിവയെല്ലാം പുഴുക്കുത്തും, മുരടിപ്പും ഉണ്ടായതും നഷ്ടത്തിനു കാരണമായി.