ചെട്ടിയാമ്പറമ്പിൽ കാട്ടാന ആനമതിൽ കടന്നെത്തി; കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു

Friday 04 April 2025 9:29 PM IST

കേളകം: കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് തുള്ളലിൽ വനാതിർത്തിയിൽ സ്ഥാപിച്ച ആനമതിൽ ചാടിക്കടന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. ആനമതിൽ നിർമ്മാണത്തിനിടെ ബാക്കി വന്ന കല്ലുകൾ വേനൽക്കാലത്ത് പുഴയിലേക്ക് ഇറങ്ങാനായി ആളുകൾ ആനമതിലിനോട് ചേർത്ത് വെച്ചിരുന്നു. ഈ കല്ലിൽ ചവിട്ടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് കടന്നതെന്ന് വനംവകുപ്പ് വാച്ചർ കുഞ്ഞുമോൻ കണിയാഞ്ഞാലി പറഞ്ഞു. ആനമതിൽ ചാടിക്കടന്ന കാട്ടാന വടക്കേത്തടം മൈക്കിളിന്റെ റബ്ബർ, വാഴ എന്നിവ നശിപ്പിച്ചു.തുടർന്ന് വരപ്പുറത്ത് പ്രഭാകരന്റെ വീടിന് സമീപം എത്തിയ കാട്ടാന വാഴകൾ നശിപ്പിച്ചതിന് ശേഷം സമീപത്തുണ്ടായിരുന്ന പ്ലാവിലെ ചക്കകൾ മുഴുവൻ തിന്നു.ഒടുവിൽ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഓഫീസർ അനൂപ്, വാച്ചർമാരായ ഗണേശൻ, സാബു, റോയി മാത്യു എന്നിവർ സ്ഥലത്തെത്തിയാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.ആറളം വനമേഖലയിൽ നിന്നാണ് കാട്ടാന ആനമതിൽ ചാടിക്കടന്ന് ജനവാസ മേഖലയായ തുള്ളൽ പ്രദേശത്ത് എത്തിയത്.