നയൻതാര എത്തി; ടോക്‌സിക് മുംബയിൽ

Saturday 05 April 2025 4:36 AM IST

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് തുടർ ചിത്രീകരണം മുംബയിൽ ആരംഭിച്ചു. നയൻതാര ജോയിൻ ചെയ്തു. മുംബയിൽ ഒരു മാസത്തെ ചിത്രീകരണമാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനുള്ളത്. ചലച്ചിത്രപ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ടോക്‌സ്ക്. മലയാളി താരം സുദേവ് നായരും താരനിരയിലുണ്ട്. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം യഷ് തിരശീലയിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണ്. 2022ൽ റിലീസ് ചെയ്ത പ്രശാന്ത് നീൽ ചിത്രം കെ.ജി.എഫ് 2 ആണ് ഒടുവിൽ പുറത്തുവന്ന യഷ് ചിത്രം.

എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ - അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. യഷിന്റെ പത്തൊൻപതാമത്തെ സിനിമയായ ടോക്സിക് കെ.വി.എൻ. പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും മോൺസ്റ്റർ മൈന്റ് ക്രിയേഷൻസിന്റെ ബാനറിൽ യഷും ചേർന്നാണ് നിർമ്മാണം. കന്നടയിലും ഇംഗ്ളീഷിലുമായി ചിത്രീകരിക്കുന്ന ടോക്‌സിക് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. അടുത്ത വർഷം മാർച്ച് 19നാണ് റിലീസ്.