സൗബിനും ദീപക്കും ഒരുമിക്കുന്ന തട്ടും വെള്ളാട്ടം
സൗബിൻ ഷാഹിർ, ദീപക് പറമ്പോൽ എന്നിവരെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തട്ടും വെള്ളാട്ടം എന്ന ചിത്രം മൃദുൽ നായർ സംവിധാനം ചെയ്യുന്നു. ബിടെക്, കാസർഗോൾഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മൃദുൽ നായർ.
തെയ്യം കെട്ടുന്നവന്റെയും തെയ്യം കെട്ടാത്തവന്റെയും ഇടയിൽ നടക്കുന്ന ഈഗോയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പ്രമേയം. തെയ്യം കലാകാരനായാണ് ദീപക് പറമ്പോൽ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റിൽ അനൗണസ്മെന്റ് വീഡിയോ. കേരള സാഹിത്യ അക്കാഡമി ജേതാവായ അഖിൽ കെ. ആദ്യമായി തിരക്കഥ രചിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രം ഫാമിലി ജോയന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. നിരവധി പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്. മനോജ് കുമാർ ഖട്ടോയി ആണ് ഛായാഗ്രഹണം. അതേസമയം മച്ചാന്റെ മാലാഖ ആണ് സൗബിൻ ഷാഹിർ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. നമിത പ്രമോദ് ആയിരുന്നു നായിക. ബേസിൽ ജോസഫ് നായകനായ പൊൻമാൻ ആണ് ദീപക് പറമ്പോലിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് ദീപക് അവതരിപ്പിച്ചത്. ആസിഫ് അലി നായകനായ സർക്കീട്ട് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.