ചീട്ടുകളി നിർത്തിപ്പോയതിന് ഇടുക്കി സ്വദേശിയെ വെട്ടിയ പ്രതിക്ക് 7 വർഷം കഠിന തടവ്

Saturday 05 April 2025 2:29 AM IST

ആലപ്പുഴ: മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ ഇടയ്ക്ക് വെച്ച് ചീട്ടുകളി നിർത്തി പോയതിന്റെ വിരോധത്തിൽ ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ആലപ്പുഴ അസി.സെഷൻസ് കോടതി ജഡ്ജി രേഖാ ലോറിയൻ 7വർഷം കഠിന തടവും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നെയാറ്റിൻകര കാരക്കോണം പുവൻകാവ് കോളനി വീട്ടിൽ ജയകുമാറിനെയാണ് (ആൽബിൻ 55) ശിക്ഷിച്ചത്. 2019 മാർച്ച് മൂന്നിന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഒപ്പമുള്ള തൊഴിലാളിയെ അരിവാൾകൊണ്ട് പിന്നിൽ നിന്നും തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാതെ ഒളിവിൽപ്പോയ പ്രതിയെ പുളികുന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആനന്ദബാബു, എസ്.സി.പി.ഒമാരായ മിഥുൻ, പീറ്റർ, ഉണ്ണി, ജോസഫ് എന്നിവർ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രവീൺ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ അനീഷ് അബു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.