പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. കരമന പൊലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. നെടുങ്കാട് കുന്നിൻപുറം വീട്ടിൽ താമസം ജിതിൻ,നെടുങ്കാട് യോഗീശ്വരാലയം വീട്ടിൽ താമസം രജീഷ്,ആനത്താനം മുടുമ്പിൽ വീട്ടിൽ ലിജോ മോൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം നെടുങ്കാട് തീരൺകരി ഭാഗത്ത് വച്ച് മയക്ക് മരുന്ന് കച്ചവടക്കാരെ അറസ്‌റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കരമന സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജയചന്ദ്രനെ കുത്തിപ്പരിക്കേൽപ്പിച്ചത്.
പ്രതികൾക്കെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖിന്റെ നേതൃത്വത്തിൽ കരമന സി.ഐ അനൂപ്,എസ്.ഐ സന്ദീപ്,എസ്.ഐ അജിത്ത് കുമാർ,സി.പി.ഒ ഹിരൺ,സിറ്റി ഷാഡോ പൊലീസ് ടീം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.വയറിലും കാലിലും കുത്തേറ്റ ജയചന്ദ്രൻ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.