പുറത്താക്കിയ ആൾ ലോക്കൽ കമ്മിറ്റിയിൽ: ബ്രാഞ്ച് സെക്രട്ടറിമാരടക്കം 60 പേർ സി.പിഎം വിട്ടു
ആലപ്പുഴ: പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റി അംഗമാക്കിയതിൽ പ്രതിഷേധിച്ച് നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 60 പേർ സി.പി.എമ്മിൽ നിന്ന് രാജിവച്ചു. ആലപ്പുഴ ഏരിയ കമ്മിറ്റിയിലെ തുമ്പോളിയിലാണ് സംഭവം. തുമ്പോളി നോർത്ത് ബി ബ്രാഞ്ച് സെക്രട്ടറി സെബാസ്റ്റ്യൻ, തുമ്പോളി സെന്റർ ബ്രാഞ്ച് സെക്രട്ടറി കരോൾ വോയ്റ്റീവ, മംഗലം ബ്രാഞ്ച് സെക്രട്ടറി ജീവൻ, മംഗലം സൗത്ത് ബി ബ്രാഞ്ച് സെക്രട്ടറി ജോബിൻ എന്നിവരാണ് തുമ്പോളി ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. 56 അംഗങ്ങളും രാജിവച്ചു. ലോക്കൽ കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് നേരത്തെ രാജിവച്ച ബ്രാഞ്ച് സെക്രട്ടറി സി.പി.ഐയിൽ ചേർന്നിരുന്നു. വാർഡ് തിരഞ്ഞെടുപ്പിലെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിനും പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ അസഭ്യം പറഞ്ഞതിനും പുറത്താക്കിയ ആളെയാണ് ലോക്കൽ കമ്മിറ്റിയിലെത്തിച്ചത്. ഒക്ടോബറിൽ നടന്ന തുമ്പോളി ലോക്കൽ സമ്മേളനത്തിലാണ് വിഭാഗീയത രൂക്ഷമായത്. തുടർന്ന് ഇയാൾക്കെതിരെ കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. വിഷയം ചർച്ച ചെയ്യാൻ ജില്ലാനേതൃത്വത്തോട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയയാളെ ഒഴിവാക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് ഒരുവിഭാഗം നിലപാടെടുത്തു. ചില ബ്രാഞ്ചുകളിൽ പാർട്ടി നേതൃത്വം അംഗത്വ പരിശോധന നടത്തിയില്ലെന്നും പരാതിയുണ്ട്. എതിർസ്വരമുയർത്തിയവരെ അംഗത്വ പരിശോധനയിൽ തഴഞ്ഞെന്നാണ് ആക്ഷേപം.