വഖഫ് ബോർഡ് കിരാത രൂപത്തിലേക്ക് മാറരുത്: സുരേഷ് ഗോപി

Saturday 05 April 2025 1:10 AM IST

നെടുമ്പാശേരി: വഖഫ് ബോർഡിന്റെ പ്രവർത്തനം കിരാത രൂപത്തിലേക്ക് മാറാതിരിക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിന്റെയും മുസ്ലീം സമൂഹത്തിന്റെയും താത്പര്യം സംരക്ഷിക്കാനാണ് നിയമഭേദഗതി. മുസ്ലീങ്ങൾക്കിടയിൽ ആശങ്ക പരത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് കേരളത്തിൽ നിന്നുൾപ്പെടെ ചില എം.പിമാർ ശ്രമിച്ചത്. മലപ്പുറത്തെ സാമുദായിക നേതാക്കളും വടക്കൻ പറവൂരിലെ പ്രമുഖ നേതാവും മുനമ്പത്തുകാരെ വാഗ്ദാനങ്ങളിലൂടെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും സുരേഷ് ഗോപി ആരോപിച്ചു.

ജബൽപൂരിൽ പുരോഹിതർക്കുനേരെ അക്രമമുണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ നടപടിയുണ്ടാകും. മാദ്ധ്യമങ്ങളേക്കാൾ വലുത് ഇവിടത്തെ സാധാരണക്കാരാണെന്നും മാദ്ധ്യമങ്ങളുടെ കുത്തിത്തിരിപ്പ് ചോദ്യങ്ങൾക്ക് മറുപടി പറയാനല്ല താൻ നിൽക്കുന്നതെന്നു പറഞ്ഞ് ഇടയ്‌ക്ക് അദ്ദേഹം ക്ഷുഭിതനുമായി.