എട്ടാം ക്ളാസ് പരീക്ഷാഫലം ഇന്ന്

Saturday 05 April 2025 12:12 AM IST

തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്. ഇന്നലെ അദ്ധ്യാപകർ സ്കൂളുകളിലെത്തിച്ച യോഗ്യത നേടാത്തവരുടെ ലിസ്റ്റ് പ്രഥമാദ്ധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകി. എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളെ ഫലം അറിയിക്കും. തുടർന്ന് രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി സ്‌കൂളുകളിൽ ചേരും. ഇവർക്കുള്ള പഠനപിന്തുണാ ക്ളാസുകൾ എട്ട് മുതൽ 24 വരെ അതത് സ്കൂളുകളിൽ നടക്കും. 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. പുനഃപരീക്ഷയിൽ മിനിമം മാർക്ക് നേടാനാവാത്തവർക്ക് ഒമ്പതാംക്ളാസിലേക്കുള്ള സ്ഥാനക്കയറ്റം തടയില്ല. എന്നാൽ അദ്ധ്യനവർഷാരംഭത്തിലെ ആദ്യ രണ്ടാഴ്ച ഇവർക്ക് ബ്രിഡ്‌ജ് കോഴ്സുണ്ടായിരിക്കും. അടുത്തവർഷം ഒമ്പതാംക്ളാസിലും അതിനടുത്ത വർഷം പത്താംക്ളാസിലും മിനിമം മാർക്ക് ഏർപ്പെടുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.