രാഹുലിനേയും പ്രിയങ്കയേയും വിമർശിച്ച് സമസ്ത മുഖപത്രം

Saturday 05 April 2025 1:16 AM IST

മലപ്പുറം: വഖഫ് ബില്ലിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനമുന്നയിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. പ്രിയങ്ക ഗാന്ധി വിപ്പ് ലംഘിച്ച് പാർലമെന്റിൽ എത്താത്തത് കളങ്കമായെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇതിനെ ന്യായീകരിക്കാനാവില്ല. മുസ്‌ലിങ്ങളുടെ ഭരണഘടനാവകാശങ്ങൾ ബി.ജെ.പി ബുൾഡോസർ ചെയ്യുമ്പോൾ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നിൽക്കും. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ബില്ലിൽ പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധി എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയർന്നു നിൽക്കും. ബാബരി മസ്ജിദ് തകർത്തതിനു ശേഷം മുസ്ലിങ്ങൾക്കും ഇന്ത്യൻ മതേതരത്വത്തിനും എതിരെ സംഘപരിവാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണ് വഖഫ് ഭേദഗതി ബിൽ. ഇനി നിയമ പോരാട്ടത്തിന്റെയും രാഷ്ട്രീയ സമരങ്ങളുടെയും കാലമാണ്. അതിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റുനോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.