വ്യാജമദ്യം നിർമ്മിച്ച് വില്പന: ഒരാൾ അറസ്റ്റിൽ

Saturday 05 April 2025 1:04 AM IST

കട്ടപ്പന: തങ്കമണിയിൽ പാട്ടത്തിനെടുത്ത കൃഷി ഭൂമിയിൽ വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയയാളെ എക്‌സൈസ് സംഘം പിടികൂടി. കൂത്താട്ടുകുളം കൊച്ചുകുന്നേൽ ജോൺ വർഗീസാണ്(64) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 20ലിറ്റർ വ്യാജമദ്യവും 100 ലിറ്റർ കോടയും പിടിച്ചെടുത്തു. തങ്കമണി മാടപ്രാ മേഖല കേന്ദ്രീകരിച്ച് വ്യാജ മദ്യ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലെ കൃഷിയുടെ മറവിലാണ് ഇത് നിർമ്മിച്ചിരുന്നത്.

മാസങ്ങളായി ജോൺ വർഗീസിനെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അറസറ്റ്. വർഗീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളിൽ നിന്ന് സ്ഥിരമായി ചാരായം വാങ്ങിയിരുന്ന തോപ്രാംകുടി കൂനാനിയിൽ ജിനോ ജോർജിന്റെ കാരിക്കവല റോഡിലെ ഹോളോബ്രിക്സ് നിർമാണശാലയിൽ നിന്നും അര ലിറ്റർ ചാരായം പിടിച്ചെടുത്തു. ജിനോയ്ക്കായി അേന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ ജോൺ വർഗീസിനെ റിമാൻഡ് ചെയ്തു.