വിഷരഹിതവും നാടൻ ഉത്പന്നങ്ങളും ലഭ്യമാക്കാൻ, വെജിറ്റബിൾ കിയോസ്‌ക് എളവള്ളിയിലും

Saturday 05 April 2025 12:37 AM IST
പടം: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വെജിറ്റബിൾ കിയോക്സ് എളവള്ളി പഞ്ചായത്തിൽ ചിറ്റാട്ടുകര പോൾ മാസ്റ്റർ പടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

പാവറട്ടി: വിഷരഹിത പച്ചക്കറികളും നാടൻ ഉൽപ്പന്നങ്ങളുമായി ജില്ലയിലെ ഈ വർഷത്തെ രണ്ടാമത്തെ വെജിറ്റബിൾ കിയോസ്‌ക് എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകരയിൽ. സംസ്ഥാനത്ത് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായ് രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചിറ്റാട്ടുകര പോൾമാസ്റ്റർ പടി സമീപം നിർമ്മിച്ച മൂന്ന് ഷട്ടറുകളോടുകൂടിയ കെട്ടിടമാണ് കിയോസ്‌കിനായി ഉപയോഗിക്കുന്നത്. മുല്ലശ്ശേരി ബ്ലോക്കിൽ അനുവദിക്കുന്ന ഏക വെജിറ്റബിൾ കിയോസ്‌കായതിനാൽ കെട്ടിട വാടക സൗജന്യമാക്കുന്നതിന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വെജിറ്റബിൾ കിയോസ്‌കിന്റെ ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദുപ്രദീപ് ആദ്യ വിൽപ്പന നടത്തി.

കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ

വെജിറ്റബിൾ കിയോസ്‌ക്കിലൂടെ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള പച്ചക്കറികളുടെയും ഉൽപ്പന്നങ്ങളുടെയും വിപണനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. നാടൻ പച്ചക്കറികൾ, നാടൻ കോഴിമുട്ടകൾ, തൈര്, നെയ്യ്, ഉരുക്ക് വെളിച്ചെണ്ണ, അച്ചാറുകൾ, കുടുംബശ്രീ ഉത്പ്പന്നങ്ങൾ എന്നിവയാണ് വെജിറ്റബിൾ കിയോസ്‌കിൽ വിൽപ്പന നടത്തുന്നത്. രണ്ട് കുടുംബശ്രീ അംഗങ്ങൾക്കാണ് കിയോസ്‌കിന്റെ ചുമതല. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തന സമയം.