രണ്ട് കോടിയുടെ ലഹരി, ഇൻസ്റ്റഗ്രാം താരമായ പൊലീസ് ഉദ്യോഗസ്ഥ പിടിയിൽ
ചണ്ഡിഗർ: ഇൻസ്റ്റഗ്രാം റീലിലൂടെ വൈറലാണ് അമൻദീപ് കൗർ എന്ന പൊലീസ് ഉദ്യോഗസ്ഥ. കഴിഞ്ഞ ദിവസം 17.7 ഗ്രാം ഹെറോയിനുമായി അമൻദീപിനെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച ഇവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് പൊലീസും ലഹരിവിരുദ്ധ ദൗത്യസംഘവും നടത്തിയ തെരച്ചിലിൽ ഉദ്യോഗസ്ഥയുടെ കാറിൽ നിന്ന് രണ്ട് കോടി രൂപ വിലവരുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇൻസ്റ്റഗ്രാമിൽ 30,000ത്തിലേറെ ഫോളോവേഴ്സുള്ള അമൻദീപ് കൗറിന്റെ റീലുകൾ പലതും വൈറലാണ്. 27കാരിയായ അമൻദീപ് യൂണിഫോം ധരിച്ച് റീലുകൾ ചെയ്തത് വിവാദമായിരുന്നു. ഇതിൽ പലതും പൊലീസിനെ കളിയാക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതിനിടെയാണ് ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്. അമൻദീപിന് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നത് ഉൾപ്പെടെ അന്വേഷിച്ചുവരികയാണ്.
'പൊലീസ് കുർദീപ്"
സമൂഹ മാദ്ധ്യമത്തിൽ പൊലീസ് കുർദീപ് എന്നാണ് അമൻദീപ് അറിയപ്പെടുന്നത്. ആഡംബര വാച്ചുകൾ, ഥാർ വാഹനം, പൊലീസ് യൂണിഫോം ഇതൊക്കെയാണ് അമൻദീപിന്റെ റീലുകളിലെ സ്ഥിരം സാന്നിദ്ധ്യം. ജനപ്രിയ പഞ്ചാബി ഗാനങ്ങൾ ആലപിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിലകൂടിയ ഐഫോണും കൈവശമുണ്ട്.
യൂണിഫോമിൽ മോഡലിംഗ് ചെയ്യുന്നതായി കാണിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യരുതെന്ന് ഡി.ജി.പി നിർദ്ദേശിച്ചിട്ടുള്ളതാണ്.
ആഡംബര വീടും കാറുകളും
രണ്ട് കോടി രൂപ വിലമതിക്കുന്ന വീടും രണ്ട് ആഡംബര കാറുകളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന വാച്ചും അമൻദീപിനുണ്ട്. ഇത് ചോദ്യം ചെയ്ത് ഗുർമീത് കൗർ എന്ന സ്ത്രീ മുമ്പ് രംഗത്തെത്തിയിരുന്നു. അമൻദീപ് തന്റെ ഭർത്താവും ആംബുലൻസ് ഡ്രൈവറുമായ ബൽവീന്ദർ സിംഗുമായി ലിവ്ഇൻ ബന്ധത്തിലാണെന്ന് ആരോപിച്ച് ഗുർമീത് ഫേസ്‌ബുക്കിൽ വീഡിയോ പങ്കിട്ടു. ഹെറോയിൻ വിൽക്കാൻ ആംബുലൻസ് ഉപയോഗിക്കുമായിരുന്നുവെന്നും ഗുർമീത് ആരോപിച്ചു. അവർ പോലീസിനെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.