മരുഭൂമിയിലെ നിഗൂഢ വളയങ്ങൾ
വിൻഡ്ഹോക്ക്: നമീബിയൻ മരുഭൂമിയിലെ പുൽമേടുകളിൽ കാണപ്പെടുന്ന അസാധാരാണ പ്രതിഭാസമാണ് 'ഫെയറി സർക്കിളുകൾ '. വൃത്താകൃതിയിലുള്ള വളയങ്ങളാണ് ഇവ. പുൽമൈതാനങ്ങളിൽ വൃത്താകൃതിയിൽ ഒരു തരിശ് ഭാഗം രൂപപ്പെടുന്ന പ്രതിഭാസമാണിത്. 2014 വരെ നമീബിയൻ മരുഭൂമിയിലെ പുൽപ്രദേശങ്ങളിലായിരുന്നു ഇവ കണ്ടിരുന്നത്.
ഇവിടത്തെ പുൽമേടുകൾക്കിടയിൽ വൃത്താകൃതിയിലുള്ള തരിശ് വിടവുകളായാണ് ഫെയറി സർക്കിളുകൾ കാണപ്പെടുന്നത്. 2 മുതൽ 15 മീറ്റർ വരെയാണ് ഫെയറി സർക്കിളുകളുടെ വ്യാസം. എന്താണ് ഫെയറി സർക്കിളുകൾക്ക് കാരണമാകുന്നതെന്ന് വ്യക്തമല്ല. സൂക്ഷ്‌മ ജീവികളോ ഭൂഗർഭ വാതകങ്ങളോ ഊഷ്മാവിലെ വ്യതിയാനമോ ആകാം ഇതിന് പിന്നിലെന്ന് പറയുന്നു. ഈ പ്രദേശങ്ങളിലെ മണ്ണിൽ കാണപ്പെടുന്ന ചിതലുകളാണ് വൃത്താകൃതിയിലെ ഈ രൂപാന്തരങ്ങൾക്ക് പിന്നിലെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നമീബിയയിലെ ഹിംബ വർഗക്കാരുടെ വിശ്വാസം അമാനുഷിക ശക്തികളാണ് ഫെയറി സർക്കിളുകൾക്ക് കാരണമെന്നാണ്. ഫെയറി സർക്കിളുകളെ ദൈവത്തിന്റെ കാൽപ്പാടുകളായും ഇക്കൂട്ടർ വിശ്വസിക്കുന്നു. ഇവിടത്തെ മണ്ണിനടിയിൽ ഒരു ഡ്രാഗൺ ഉണ്ടെന്നും അതിന്റെ വിഷാംശം നിറഞ്ഞ ശ്വാസമാണ് ഈ വൃത്താകൃതിയിലുള്ള ഭാഗത്തെ പുല്ലുകൾ ഇല്ലാതാക്കുന്നതെന്ന മറ്റൊരു വിശ്വാസവും നമീബിയൻ ഗോത്ര വർഗക്കാർക്കിടയിലുണ്ട്. നമീബിയയിലുള്ളവർ ഫെയറി സർക്കിളുകളെ ചുറ്റും വേലികെട്ടി നിറുത്തി താത്കാലിക പശുത്തൊഴുത്താക്കി മാറ്റാറുണ്ട്. ഓരോ ഫെയറി സർക്കിളിനും മനുഷ്യ നിർമിതമെന്ന പോലെയുള്ള കൃത്യമായ വൃത്താകൃതിയാണുള്ളത്. 1970കളിലാണ് നമീബിയൻ മരുഭൂമിയിലെ ഫെയറി സർക്കിളുകൾ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്.
2014ൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിലും ഫെയറി സർക്കിൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നമീബിയയ്ക്ക് പുറത്ത് ആദ്യമായി ഫെയറി സർക്കിളുകൾ കണ്ടെത്തിയത് ഇവിടെയാണ്. വരണ്ട ഭൂപ്രകൃതിയിലാണ് ഫെയറി സർക്കിളുകൾ രൂപപ്പെടുന്നത്. ഓരോ ഫെയറി സർക്കിളും 30 മുതൽ 60 വർഷം വരെ നിലനിൽക്കുമത്രെ.