ദക്ഷിണ കൊറിയ: യൂൻ സുക് യോൾ പുറത്ത്

Saturday 05 April 2025 7:08 AM IST

സോൾ: ദക്ഷിണ കൊറിയയിൽ ഇംപീച്ച്മെന്റിന് വിധേയമായ യൂൻ സുക് യോളിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി ഭരണഘടനാ കോടതി. അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച യൂൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യൂനിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. യൂനിനെ പുറത്താക്കിയ പശ്ചാത്തലത്തിൽ 60 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തും. കലാപത്തിന് ശ്രമിച്ചെന്ന കുറ്റത്തിന് യൂൻ ക്രിമിനൽ വിചാരണയും നേരിടണം.

ഡിസംബർ 3നാണ് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു നടപടി. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ നിയമം പിൻവലിച്ചു.

എന്നാൽ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടതോടെ അദ്ദേഹം സസ്‌പെൻഷനിലായി. പ്രസിഡന്റോ പ്രധാനമന്ത്രിയോ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടാൽ അന്വേഷണം നടത്തി അന്തിമ വിധി പുറപ്പെടുവിക്കുക ഭരണഘടനാ കോടതിയാണ്. വിചാരണയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കോടതി ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കും.

പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവാണ് നിലവിൽ രാജ്യത്തെ ആക്ടിംഗ് പ്രസിഡന്റ്. പട്ടാള നിയമം പ്രഖ്യാപിച്ചതിലെ പങ്ക് ആരോപിച്ച് ഇദ്ദേഹത്തെയും ഇംപീച്ച് ചെയ്തെങ്കിലും ഭരണഘടനാ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.