ഗർഭഛിദ്രത്തിന് വ്യാജരേഖ തയ്യാറാക്കി, സഹായിച്ചത് മറ്റൊരു യുവതി; സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ

Saturday 05 April 2025 9:06 AM IST

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ. യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കാനായി ഇയാൾ ചില വ്യാജ രേഖകൾ ഉണ്ടാക്കിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് തയ്യാറാക്കിയത്.

വിവാഹത്തിന്റെ ക്ഷണക്കത്താണ് യുവതിയുടെ ബാഗിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഗർഭഛിദ്രം നടത്താനായി സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായവും ഉണ്ടായിരുന്നുവെന്ന് പൊലീസിന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചു. വിവാഹത്തിന് താൽപ്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്‌ക്ക് സുകാന്ത് സന്ദേശം അയച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സുകാന്ത് ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്‌ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. ഇവർ എവിടെയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഏകമകനാണ് സുകാന്ത്. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലായിരുന്നു. അതിനാൽതന്നെ കുടുംബം ഒളിവിൽ പോയ ശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത് ഈ മൃഗങ്ങളെ ഏറ്റെടുത്തു. എട്ട് പശുക്കൾ, ധാരാളം കോഴികൾ, റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ ഇവയെയെല്ലാമാണ് പഞ്ചായത്ത് ഏറ്റെടുത്തത്.