കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു, പ്രതി അറസ്റ്റിൽ

Saturday 05 April 2025 9:51 AM IST

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്​റ്റിൽ. റോക്ക്ലാൻഡ് എന്ന സ്ഥലത്ത് ഇന്ന് പുലർച്ചയോടെയായിരുന്നു യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ പ്രതിയെ അറസ്​റ്റ് ചെയ്തതായി കാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കൊലപാതകത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനാവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

അടുത്തിടെയായി കാനഡയിൽ ഇന്ത്യൻ പൗരൻമാർക്കെതിരെയുളള അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ മാസം കാനഡയിലെ കാൽഗറി റെയിൽവേ സ്​റ്റേഷനിൽ ഇന്ത്യക്കാരിയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കണ്ട് നിന്നവർ തടയാൻ ശ്രമിക്കാത്തതും ദൃശ്യങ്ങളിലുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. യുവതിയുടെ കൈയിലുണ്ടായിരുന്ന കുപ്പിവെളളം യുവാവ് ബലമായി പിടിച്ചുവാങ്ങുന്നതും അത് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇയാൾ യുവതിയുടെ ജാക്ക​റ്റിൽ പിടിച്ച് അടുത്തുളള ചുമരിനോട് ചേർത്തുനിർത്തി മർദ്ദിക്കുകയായിരുന്നു.