പാട്ടക്കാശ് പോലും കിട്ടാതെ കർഷകർ, മടുത്തു ഇനിയും വയ്യേ നെൽക്കൃഷി

Sunday 06 April 2025 12:07 AM IST

കോട്ടയം : നെൽക്കൃഷിയ്ക്ക് പാട്ടക്കാശ് പോലും കിട്ടാതെ നഷ്ടക്കച്ചവടമായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. പാട്ടമൊഴിയാൻ നിരവധിപ്പേരെത്തിയതോടെ ഇവർക്ക് തിരിച്ചു കൊടുക്കാൻ പണമില്ലാതെ നെട്ടോട്ടമോടുകയാണ് ഭൂമി ഉടമസ്ഥർ. കായൽ നിലത്തിന് ഒരേക്കറിന് 30000 രൂപ വരെയും വാഹനസൗകര്യം കൂടി നോക്കി മറ്റു നിലങ്ങൾക്ക് 20000 മുതൽ 25000 രൂപ വരെയുമാണ് പാട്ട നിരക്ക്. കൂടുതൽ വിളവ് ലഭിക്കുന്ന നിലങ്ങൾക്ക് നിരക്ക് കൂടും. കൊയ്‌ത്തും, സംഭരണവും പൂർത്തിയായപ്പോൾ ഈ വർഷത്തെ ചെലവ് കണക്കാക്കിയാൽ പാട്ടത്തുക പോലും ഭൂരിപക്ഷം പേർക്ക് ലഭിച്ചില്ല.

സ്വന്തം നിലത്തിൽ കൃഷി ചെയ്തവർക്കും സമാന അവസ്ഥയാണ്. എത്രനാൾ ഇനി ഇങ്ങനെ കൃഷി ചെയ്യുമെന്നാണ് കർഷകരുടെ ചോദ്യം.

നഷ്ടക്കൊയ്‌ത്തിൽ തളർന്ന്

ഒരേക്കർ കൃഷി ചെയ്താൽ നേരത്തേ 30 ക്വിന്റൽ വരെ വിളവ് ലഭിച്ചിരുന്നത് 20 ആയി കുറഞ്ഞു. ഒരേക്കറിൽ നാല് കിലോ കിഴിവ് വച്ചാൽ കുറയുന്ന നെല്ല് 80 കിലോയാണ്. മില്ലുകാർ ചോദിക്കുന്ന കിഴിവിപ്പോൾ 20 കിലോ വരെയാണ്.

ഒരേക്കറിലെ ശരാശരി നഷ്ടം 4000 -5000 രൂപയാണ്. ഒരു കിലോ നെല്ലിന് നൽകുന്നത് 28രൂപ 20 പൈസയും. ഒരു ക്വിന്റൽ നെല്ലിന് ചുമട്ടു കൂലി 200 രൂപയാണ്.

പ്രശ്‌നങ്ങൾ നിരവധി, പരിഹാരമില്ല

കൂലിച്ചെലവിലെ വൻവർദ്ധന

വിത്തിന്റെ ഗുണമേന്മയില്ലായ്മ

രാസവളം, കീടനാശിനി വില വർദ്ധനവ്

നെല്ല് സംഭരണത്തിലെ കാലത്താമസം

സ്വകാര്യമില്ലുകാരുടെ ചൂഷണം

വരവിലും ചെലവ് കൂടിയത്

ഇൻഷ്വറൻസ് പരിരക്ഷയിലെ അപാകത

ജില്ലയിൽ രണ്ടാം കൃഷി

30000 ഏക്കർ

നഷ്ടം : 6 - 9 കോടി വരെ

മൂന്നു വർഷം : കൃഷിഉപേക്ഷിച്ചവർ 54,398 കർഷകർ

''മില്ലുകാരും, ഏജന്റും, സർക്കാരും ചേർന്നുള്ള ഒത്തുകളി കാരണം നെൽക്കൃഷി വൻനഷ്ടത്തിലായി. സർക്കാർ കർഷകരെ സഹായിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇനിയും കൂടും.

-മദൻലാൽ (ജെ.എസ്.എസ് ജില്ലാ സെക്രട്ടറി )