നഗരസഭയിൽ ജോബ് സ്റ്റേഷൻ

Saturday 05 April 2025 6:15 PM IST

പയ്യന്നൂർ:എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പരിപാടിയുടെ ഭാഗമായി നഗരസഭയിൽ ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ നിർവ്വഹിച്ചു. നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.രവി രാമന്തളി പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.ബാലൻ, കോർഡിനേറ്റർ വി.പി.സുകുമാരൻ സംസാരിച്ചു.

കെ - ഡിസ്കിന് കീഴിലുള്ള കേരള നോളജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കി, വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലന്വേഷകരെ തൊഴിൽ മേളകളിൽ അണി നിരത്തി തൊഴിൽ ലഭ്യമാക്കുക, വിദ്യാർത്ഥികൾക്ക് പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.