കുട്ടികളേ, കരുതൽ വേണം ജലാശയങ്ങളിൽ
കോട്ടയം : വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വേനലവധി ആഘോഷങ്ങളുടെ കാലമാണ്. പ്രത്യേകിച്ച് ജലാശയങ്ങളിലെ കളി കുട്ടികൾക്ക് ഹരമാണ്. എന്നാൽ ചെറിയ അശ്രദ്ധ വലിയ നഷ്ടങ്ങൾക്ക് കാരണമാകുമെന്നാണ് ഫയർഫോഴ്സിന് പറയാനുള്ളത്. റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. മുൻവർഷങ്ങളിൽ മരിച്ചതിലേറെയും 20 വയസിന് താഴെയുള്ളവരാണ്. അവധിക്കാലത്ത് ബന്ധുവീട് സന്ദർശനത്തിനെത്തുന്നവരാണ് ഏറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങുന്നതാണ് അപകടകാരണം. സെൽഫിയും റീൽസും പകർത്താനുള്ള ശ്രമവും, ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങുന്നതും വില്ലനാകുന്നു. മീനച്ചിൽ, മണിമലയാറുകൾക്ക് പുറമേ കിഴക്കൻ മേഖലകളിലും പനച്ചിക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറക്കുളങ്ങൾ നിരവധി വിദ്യാർത്ഥികളുടെ ജീവനെടുത്തിട്ടുണ്ട്.
നീന്തൽ വശമില്ലേ, കരയ്ക്കിരിക്കാം
നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ഒരുകാരണവശാലും പുഴയിലിറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻ കൂടി അപകടത്തിലാകും. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാണെന്നത് തെറ്റായ ധാരണയാണ്. വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. വെള്ളത്തിൽ മുങ്ങിത്താഴ്ന്നാൽ മരണത്തിലേയ്ക്ക് ഏതാനും മിനുട്ടുകൾ മാത്രം മതിയെന്നതിനാൽ രക്ഷിക്കുക അത്യന്തം ശ്രമകരമാണ്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വിനോദയാത്രയ്ക്കിടെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം ജലാശയങ്ങളിൽ ഇറങ്ങുക
മറ്റുള്ളവരെ രക്ഷിക്കാൻ നീന്തലറിയാത്തവർ വെള്ളത്തിലേക്ക് എടുത്തുചാടരുത്
പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാൻ ശ്രമിക്കുക
പാറക്കുളങ്ങളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക
അടിതെറ്റിയാൽ ഒരടി വെള്ളത്തിൽ പോലും അപകട സാദ്ധ്യതയുണ്ട്
''അവധിക്കാലത്ത് കുട്ടികളെ ഒറ്റയ്‌ക്കോ കൂട്ടുകാരുമായോ കുളത്തിലോ പുഴയിലോ കുളിക്കാനോ മീൻപിടിക്കാനോ പോകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം''-
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
ഈ വർഷം ഇതുവരെ മുങ്ങിമരണം 5