സുകൃതം, കരിക്കകം ക്ഷേത്രത്തിലെ വിശേഷാൽ അന്നദാനം
തിരുവനന്തപുരം: പഴം, പപ്പടം, പായസം തുടങ്ങി 18 ഇനം കറികൾ. 'കറികളുടെ രുചിയും എണ്ണവുമല്ല പ്രധാനം,വിളിച്ചാൽ വിളിപ്പുറത്തുള്ള കരിക്കകത്തമ്മയുടെ പ്രസാദച്ചോറ് ഉണ്ണാനാവുന്നത് സുകൃതമെന്ന് ഭക്തർ പറയുന്നു. 25 വർഷത്തിലധികമായി തലസ്ഥാനത്ത് ഏറ്റവുമധികം പേർക്ക് അന്നദാന സദ്യയൊരുക്കുന്ന കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല.പ്രതിദിനം 30,000 പേർക്ക് ക്ഷേത്ര ഭരണസമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സദ്യയൊരുക്കുന്നു.നൂറുകണക്കിന് ഭക്തരുടെ പ്രാർത്ഥനയോടെ 3ന് ആരംഭിച്ച പൊങ്കാല മഹോത്സവം ഗുരുസിയോടെ 9ന് സമാപിക്കെ, അഞ്ചാം ഉത്സവമായ 7 വരെ അമ്പലനടയിലെത്തുന്ന എല്ലാവർക്കും അന്നദാന സദ്യ ലഭിക്കും. ദേവിയുടെ വിശേഷാൽ പ്രസാദമാണ് അന്നദാനസദ്യ.രാവിലെ 10.30 മുതൽ സദ്യക്കുള്ള തിരക്ക് തുടങ്ങും.രാവിലെ 11ന് നിവേദ്യപ്രസാദം ശാന്തിയുടെ നേതൃത്വത്തിൽ അന്നദാന മണ്ഡപത്തിലെത്തിച്ച് നിവേദ്യം നടത്തിയാണ് അന്നദാനം വിളമ്പുന്നത്. കഴിഞ്ഞദിവസം ഏകദേശം 25,000 പേർക്ക് സദ്യ നൽകി.ഒരേസമയം,ഏകദേശം 1800 പേർക്ക് കഴിക്കാം.1300 പേർക്ക് ഇരിക്കാനാകുന്ന വലിയ മണ്ഡപം ഈ വർഷം ഒന്നരക്കോടി മുടക്കിയാണ് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പണി തീർത്തതെന്ന് കരിക്കകം വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ പറഞ്ഞു.സമീപത്തെ കലാപീഠത്തിലാണ് നാട്ടുകാർക്കും ക്ഷേത്ര ജീവനക്കാർക്കും സദ്യ നൽകുന്നത്.
പ്രതിവർഷം വർദ്ധന
ഓരോ വർഷവും അന്നദാനസദ്യ കഴിക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ഭാരവാഹികൾ പറയുന്നു.ലിംക ബുക്ക് ഒഫ് റെക്കാഡ്സിലും സദ്യ ഇടംപിടിച്ചിട്ടുണ്ട്.കൊവിഡ് കാലത്ത് മാത്രമാണ് മുടക്കം വന്നിട്ടുള്ളത്.50ഓളം പാചകക്കാരുടെ സംഘമാണ് തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത്. ട്രസ്റ്റ് ഏർപ്പെടുത്തിയ 100ഓളം വിളമ്പുകാരും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് വിളമ്പുന്നത്.