സ്റ്റാറായി ആഞ്ഞിലി ചക്ക
കല്ലറ: ഒരുകാലത്ത് വീട്ടുമുറ്റത്തും പറമ്പിലും സുലഭമായിരുന്ന ആഞ്ഞിലി ചക്ക ഇപ്പോൾ വഴിയോര വിപണി കീഴടക്കിയിരിക്കുകയാണ്. പണ്ടുകാലത്ത് നാവിൻതുമ്പിൽ മധുരത്തിന്റെ തേൻക്കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതുതലമുറയും ഏറ്റെടുത്തിരിക്കുകയാണ്.
പഴവിപണിയിൽ വൻ ഡിമാന്റാണ് ആഞ്ഞിലിച്ചക്കയ്ക്ക്. ഈ പഴം അന്വേഷിച്ച് നാട്ടിൻപുറങ്ങളിലേക്കും ആളെത്തിത്തുടങ്ങി. സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തുന്നുണ്ട്.
ഒരുകാലത്ത് പഞ്ഞമാസങ്ങളിൽ മലയാളിയുടെ പ്രധാനപ്പെട്ടൊരു പോഷകാഹാരം ആയിരുന്നു അയിനിചക്ക, ആനിക്ക, ഐനിചക്ക തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ആഞ്ഞിലിച്ചക്ക. വിളഞ്ഞ ആഞ്ഞിലിച്ചക്കയുടെ പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുകഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാർ പറയുന്നു.
വൈറ്റമിനുകളുടെ കലവറ
ആഞ്ഞിലിച്ചക്കയിലെ വൈറ്റമിൻ എ,സി എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ആന്റി ഓക്സിഡന്റുകളുടെ സാന്നിദ്ധ്യം ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീറാഡിക്കിലുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കാനും ഉപകരിക്കും
ബാക്ടീരിയ, വൈറസ് രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം ചക്കച്ചുളയിലെ പൊട്ടാസ്യം,നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്.ഡി.എൽ കൊളസ്ട്രോൾ ഉയർത്താനും ഉപകരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളർച്ച മാറ്റുന്നതിനും നല്ലതാണ്