മഹേഷ് നാരായണൻ ചിത്രം ഇന്നു മുതൽ കൊച്ചിയിൽ

Sunday 06 April 2025 4:30 AM IST

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇന്നു കൊച്ചിയിൽ പുനരാരംഭിക്കും. വെള്ളിയാഴ്ച ഒരു ദിവസത്തെ ചിത്രീകരണം കണ്ണൂർ വിമാനത്താവളത്തിലുണ്ടായിരുന്നു. മേയ് 20 വരെ കൊച്ചിയിൽ ചിത്രീകരണം ഉണ്ടാകും. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഈ ഷെഡ്യൂളിൽ പങ്കെടുക്കും. ഈ ഷെഡ്യൂളിൽ മമ്മൂട്ടിയും പങ്കെടുക്കുന്നുണ്ട്. എന്നാൽ മമ്മൂട്ടിയുടെ ഡേറ്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലണ്ടൻ, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.

മേയിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് വിവരം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. നയൻതാര ആണ് നായിക. രഞ്ജിപണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയരോടൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്ത സിനിമാട്ടോഗ്രാഫർ നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. രാജേഷ് കൃഷ്ണയും സിസി സാരഥിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ.