അമേരിക്കയുടെ അന്യോന്യ നികുതി, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്
ചെമ്മീൻ ചാടിയാൽ മുട്ടോളം; പിന്നേം ചാടിയാൽ ചട്ട്യോളം...! കേട്ടുപഴകിയ ചൊല്ലാണ്. പക്ഷേ ചെമ്മീൻ ഇന്ന് വറചട്ടിയിൽ നിന്ന് എരിതീയിലേക്കാണ്. 2018 മേയ് മുതൽ ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതി നിരോധിച്ചു കൊണ്ട് ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ നടുവൊടിച്ച അമേരിക്ക, 2025 ഏപ്രിൽ രണ്ടിന് പ്രഹരിച്ചത് മസ്തകത്തിലാണ്. അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയിലെ റോസ് ഗാർഡനിൽ വെച്ച് 185 രാജ്യങ്ങൾക്കെതിരായാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അന്യോന്യ നികുതി (റെസിപ്രോക്കൽ ടാക്സ് ) പ്രഖ്യാപിച്ചത്. പത്തു ശതമാനം (അഫ്ഗാനിസ്ഥാൻ ) മുതൽ അൻപത് ശതമാനം (ലെസോതൊ) വരെയാണ് പകരത്തിനു പകരം എന്നു വിശേഷിപ്പിച്ച അന്യോന്യ നികുതി!
മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു ചുമത്തുന്ന നികുതി, നാണയ വിനിമയത്തിലെ ക്രമക്കേട്, വിപണി നിയന്ത്രണം എന്നിവയൊക്കെ ചേർന്നുവരുന്ന നഷ്ടത്തിന്റെ പകുതി മാത്രമേ അന്യോന്യ നികുതിയായി ചുമത്തുന്നുള്ളൂ എന്നാണ് അമേരിക്കൻ ന്യായം. ഇന്ത്യ അമേരിക്കയിലേക്ക് ചെമ്മീൻ തള്ളിയിടുകയാണെന്നു പറഞ്ഞ് ഏർപ്പെടുത്തിയ 2.49 ശതമാനം ആന്റി ഡംബിഗ് ഡ്യൂട്ടി, 5.77 ശതമാനം സബ്സിഡി വിരുദ്ധ തിരുവ (കൗണ്ടർ വെയിലിംഗ് ഡ്യൂട്ടി) എന്നിവക്കു പുറമേയാണ് 26 ശതമാനം അന്യോന്യ നികുതി ഇന്ത്യൻ ചെമ്മീനുമേൽ അമേരിക്ക ചുമത്തിയത്.
2023- 24 സാമ്പത്തിക വർഷം സമുദ്രോത്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ 738 കോടി അമേരിക്കൻ ഡോളറിൽ 488 കോടി ഡോളർ ചെമ്മീനിൽ നിന്നു മാത്രമാണ്. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ 34.53 ശതമാനം വാങ്ങുന്നത് അമേരിക്കയാണെന്നും അതിൽ 91.9 ശതമാനം ചെമ്മീനാണെന്നുമാണ് ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്.
അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന ചൈന (54- ഇപ്പോൾ ചുമത്തിയ 34 ഉം നേരത്തെ ചുമത്തിയ 20 ഉം ഉൾപ്പെടെ ), വിയറ്റ്നാം (46 ), ബംഗ്ലാദേശ് (37), തായ്‌ലാൻഡ് (36) ഇന്തോനേഷ്യ (34) തുടങ്ങിയ രാജ്യങ്ങൾക്കു ചുമത്തിയ അന്യോന്യ നികുതി ഇന്ത്യയെക്കാൾ (26) കൂടുതലാണ് എന്നതിനാൽ ഇത് നേട്ടമുണ്ടാക്കും എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഭൂമിശാസ്ത്രപരമായി അമേരിക്കയോട് അടുത്തുകിടക്കുന്ന ഇക്വഡോറിന് 10 ശതമാനം മാത്രമേ അന്യോന്യ നികുതിയുള്ളൂ എന്നത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു.
അന്യോന്യ നികുതി മൂലം അമേരിക്കയിൽ വമ്പിച്ച വിലവർദ്ധന ഉണ്ടാകുമെന്നും അവശ്യവസ്തുക്കളുടെ ദൗർലഭ്യം നേരിടുമെന്നും, അങ്ങനെ അമേരിക്കൻ ജനതയുടെ കനത്ത പ്രതിഷേധത്തിനു മുന്നിൽ ഭരണകൂടത്തിന് തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും ചിന്തിക്കുന്നവരുണ്ട്. അമേരിക്കയിലെ ചെമ്മീൻ ഉത്പാദന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാവുമെങ്കിലും അവർക്കാവശ്യമായ ചെമ്മീൻ സ്വയം ഉത്പാദിപ്പിക്കാൻ നാളുകൾ ഏറെ എടുക്കുമെന്നും, ആയതിനാൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഇപ്പോഴുള്ള കോട്ടം സമീപകാലത്ത് നേട്ടമായി ഭവിക്കുമെന്നും ആശ്വസിപ്പിക്കുന്നവരുമുണ്ട്.
അമേരിക്കയുടെ
വിമോചന ദിനം
ഏപ്രിൽ രണ്ട് അമേരിക്കയുടെ വിമോചന ദിനം എന്നു പറഞ്ഞുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് അന്യോന്യ നികുതി പ്രഖ്യാപിച്ചത്. അമേരിക്കയുടെ വാണിജ്യ നേട്ടത്തിന് അപകടകാരിയായ 15 ചീത്തരാജ്യങ്ങൾ (ഡേർട്ടി ഫിഫ്റ്റീൻ) ഉണ്ടെന്നാണ് രാജ്യങ്ങളുടെ പേരെടുത്തു പറയാതെ അമേരിക്കൻ ഭരണകൂട വക്താക്കൾ പറഞ്ഞത്. അമേരിക്കയുമായി കയറ്റിറക്കുമതി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളിൽ കച്ചവടമൂല്യത്തിലും, പ്രകടമായ നികുതി വ്യത്യാസം വരുത്തിയതുമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാമത് ഇന്ത്യയാണെന്നതിനാൽ എന്തെങ്കിലും പ്രത്യേക ആനുകൂല്യം നമുക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല.
പ്രതിസന്ധിക്ക്
പരിഹാരമെന്ത്?
ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കാർഷികോല്പന്നങ്ങളുടെ കയറ്റുമതിയിൽ ബസ്മതി അരിയും പോത്തിറച്ചിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് ചെമ്മീനിന്. കടൽ ചെമ്മീൻ നിരോധിച്ചിട്ടും വളർത്തു ചെമ്മീനിലൂടെയാണ് ഇന്ത്യയിലെ സമുദ്രോല്പന്ന കയറ്റുമതിക്കാർ പിടിച്ചുനിന്നത്. ചെമ്മീൻ തീറ്റ ഉത്പാദിപ്പിക്കുന്ന കമ്പനിയുടെയും സമുദ്രോല്പന്ന കയറ്റുമതി ചെയ്യുന്ന കമ്പനിയുടെയും ഓഹരിമൂല്യം യഥാക്രമം പതിനെട്ടും ഒമ്പതും ശതമാനം ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് അന്യോന്യ നികുതി ഈ രംഗത്ത് സൃഷ്ടിക്കാൻ പോകുന്ന തളർച്ചയുടെ ചൂണ്ടുപലകയാണ്. അമേരിക്കക്കു പുറത്തുള്ള ചൈന, യൂറോപ്പ്, റഷ്യ, കൂടാതെ പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ വിപണി കണ്ടെത്തുകയും നിലവിലുള്ളത് വികസിപ്പിക്കുകയും ചെയ്യുക എന്നത് ഒരു മാർഗം. കടൽ ചെമ്മീൻ കയറ്റുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കി ചെമ്മീൻ കയറ്റുമതിയുടെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു ഉപായം. ചെമ്മീൻ കൃഷിയിൽ നിന്ന് ലഭിക്കാവുന്ന ചെമ്മീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ആയതിനാൽ കടൽ ചെമ്മീനിനുള്ള വിലക്ക് നീക്കേണ്ടത് അത്യാവശ്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഗുണമേന്മയോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചെമ്മീനും മറ്റ് സമുദ്ര വിഭവങ്ങളും വിതരണം ചെയ്യാനുള്ള ഒരു ശൃംഖല സൃഷ്ടിച്ച് ഇന്ത്യൻ വിപണിയെ ഉപയോഗിക്കുക എന്നതാണ് ശാശ്വത പരിഹാരം. കടൽ ചെമ്മീൻ കയറ്റുമതി നിരോധനമായാലും, അന്യോന്യ നികുതിയായാലും ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്ര വിഭവങ്ങൾക്ക് വില കുറയുന്നത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും ജീവിതം ദുസ്സഹമാക്കും. അന്യോന്യ നികുതി മൂലം വളർത്തു ചെമ്മീനിനുണ്ടാവുന്ന വിലയിടിവ് കടൽ ചെമ്മീനിന്റെ വിലയിടിക്കാനും കാരണമാകും. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കടൽ ചെമ്മീനിനെ പിടിക്കുന്ന കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് ഇത് കനത്ത പ്രഹരമാവും.
(കൊച്ചിയിലെ കുഫോസ് ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ് ഡീൻ ഇൻ ചാർജും, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് തലവനുമാണ് പ്രൊഫ. ഡോ. എം. കെ. സജീവൻ. ഫോൺ: 97695 86759)