ആദ്യം അടി, പിന്നെ പൊലീസ്: രാസലഹരിക്കാർക്ക് മാങ്ങാട്ടുകാരുടെ അന്ത്യശാസനം

Saturday 05 April 2025 9:58 PM IST

ന്യൂ മാഹി: മങ്ങാട് അണ്ടർ പാസ്സ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് , രാസ ലഹരി വിൽപ്പന നടത്തുന്നവർക്കും ഉപഭോക്താക്കൾക്കും പരസ്യമായ അന്ത്യശാസനവുമായി നാട്ടുകാർ. പിടിക്കപ്പെട്ടാൽ ആദ്യം അടിയെന്നും പിന്നീടാണ് പൊലീസിൽ ഏൽപ്പിക്കുകയെന്നുമാണ് ഇവിടങ്ങളിൽ സ്ഥാപിച്ച ബോർഡുകളിലെ മുന്നറിയിപ്പ്.

ലഹരി വില്പനക്കാർ മത, ജാതി ,രാഷ്ട്രീയ മുഖം നോക്കാതെ നിയമം വിലങ്ങ് വെക്കും മുമ്പ് നാട്ടുകാരുടെ കൈത്തരിപ്പിന്റെ രുചിയറിയേണ്ടി വരുമെന്ന് ജാഗ്രതാ സമിതിയുടെ മുന്നറിയിപ്പ് .നിയമത്തിന്റെ പഴുതുകൾ ചൂഷണം ചെയ്താൽ നാട്ടുകാർ നിയമം കൈയ്യിലെടുക്കുമെന്ന പരസ്യ പ്രഖ്യാപനം.ഫലം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഞങ്ങൾ നിർബന്ധിതരാകും!

നിയമത്തിന്റെ പഴുതുകൾ നിങ്ങൾ ചൂഷണം ചെയ്യുമ്പോൾ നാടിന്റെ നീതി നടപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും മങ്ങാട് ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ ബോർഡിലുണ്ട്. ലഹരി വിൽക്കുന്നവർക്ക് മങ്ങാട് അണ്ടർ പാസ്, ചൊക്ളി ഹോസ്പിറ്റൽ, ന്യൂ മാഹി സ്റ്റേഷൻ , കോടതി എന്നിങ്ങനെയായിരിക്കും റൂട്ട് മാപ്പ് എന്നും ഇതിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.