സി.പി.എം ജനറൽ സെക്രട്ടറി : എം.എ.ബേബിക്ക് മുൻതൂക്കം
മധുര: സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്നലെ രാത്രിയിൽ ചേർന്ന പി.ബി യോഗത്തിൽ ധാരണയായെങ്കിലും ഇന്ന് പാർട്ടി കോൺഗ്രസാവും ഔദ്യോഗിക അംഗീകാരം നൽകുക.
എം.എ.ബേബിക്ക് പുറമെ മഹാരാഷ്ട്രയിൽ നിന്നുള്ള പി.ബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയിൽ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതൽ കേട്ടിരുന്നത്. താൻ ജനറൽ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ തന്നെ നൽകിയിരുന്നു.
കേരള അംഗങ്ങൾക്കു പുറമെ പി.ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരുടെ പിന്തുണ എം.എ.ബേബിക്കായിരുന്നു. മാത്രമല്ല, പി.ബിയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളുമാണ് ബേബി. എന്നാൽ, സമീപകാലത്ത് കർഷക സമരത്തിനും മറ്റും ശക്തമായ നേതൃത്വം നൽകിയ ധാവ്‌ലെ ജനറൽ സെക്രട്ടറിയാവുന്നത് പാർട്ടിക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന നിലപാടാണ് ബംഗാൾ ഘടകം കൈക്കൊണ്ടത്.
പാർട്ടിക്ക് ശക്തമായ അടിത്തറയും തുടർഭരണവുമുള്ള കേരളത്തിൽ നിന്നുള്ള അംഗം ജനറൽ സെക്രട്ടറി പദവിയിലെത്തിയാൽ അത് സംഘടനയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന വാദഗതിയും ശക്തമായി. ഇതാണ് ബേബിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.
ഇന്ന് കൊടിയിറക്കം
24-ാമത് സി.പി.എം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് 3ന് മധുര പാണ്ടി ക്ഷേത്രത്തിന് സമീപത്തു നിന്ന് തുടങ്ങുന്ന റെഡ് വോളണ്ടിയർ മാർച്ചിൽ 10,000ത്തോളം പേർ പങ്കെടുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് മധുര വണ്ടിയൂർ റിംഗ് റോഡ് ജംഗ്ഷൻ ഗ്രൗണ്ടിൽ പൊതുസമ്മേളനം. സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം അദ്ധ്യക്ഷത വഹിക്കും. പുതിയ ജനറൽ സെക്രട്ടറിക്കു പുറമെ പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന നേതാക്കളായ വൃന്ദാ കാരാട്ട്, ജി.രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.ബാലകൃഷ്ണൻ, യു.വാസുകി, പി.സമ്പത്ത് തുടങ്ങിയവർ സംസാരിക്കും.