ചരിത്രം കുറിച്ച് മോദിയുടെ സന്ദർശനം: ഇന്ത്യ- ശ്രീലങ്ക പ്രതിരോധ സഹകരണ കരാർ

Sunday 06 April 2025 4:42 AM IST

കൊളംബോ: ഉഭയകക്ഷി ബന്ധത്തിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആദ്യ പ്രതിരോധ കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമാണ് ഇതിന്റെ ഭാഗമായത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന ആധിപത്യത്തിന് ശ്രമിക്കെയാണ് ഇന്ത്യയുടെ നിർണായക ചുവടുവയ്പ്. തന്ത്രപ്രധാനമായ ട്രിങ്കോമാലിയെ എനർജി ഹബ്ബാക്കി മാറ്റാനുള്ള കരാറിലും ഒപ്പിട്ടു. യു.എ.ഇയും കരാറിൽ പങ്കാളിയാണ്.

മൂന്ന് ദിവസ സന്ദർശനത്തിന് വെള്ളിയാഴ്ച രാത്രിയാണ് മോദി ശ്രീലങ്കയിലെത്തിയത്. ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ആകെ ഏഴ് കരാറുകളിലാണ് ഒപ്പിട്ടത്. ആരോഗ്യം,​ റെയിവേ മേഖലകളിലെ സഹായ സഹകരണവും ഉൾപ്പെടുന്നു.

ട്രിങ്കോമാലിയിലെ സാമ്പൂരിൽ ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന സൗരോർജ്ജ പദ്ധതിയുടെ തറക്കല്ലിടൽ മോദിയും ദിസനായകെയും വെർച്വലായി നിർവഹിച്ചു.

ഇരുരാജ്യങ്ങളുടെയും സുരക്ഷാ താത്പര്യങ്ങൾ ഒരുപോലെയാണെന്ന് പറഞ്ഞ മോദി, ഇന്ത്യയുടെ താത്പര്യങ്ങളോട് അനുഭാവത്തോടെ പ്രതികരിക്കുന്നതിന് ദിസനായകെയ്ക്ക് നന്ദി രേഖപ്പെടുത്തി.

മോദിക്ക് പരമോന്നത ബഹുമതി

മോദിയെ 'ശ്രീലങ്ക മിത്ര വിഭൂഷണ" ബഹുമതി നൽകി ആദരിച്ച് ദിസനായകെ. ശ്രീലങ്ക വിദേശ നേതാക്കൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണിത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരികവും ആത്മീയവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മോദിയുടെ ശ്രമങ്ങൾ മുൻനിറുത്തിയാണ് അംഗീകാരം.

ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ആഴത്തിലുള്ള സൗഹൃദത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും പ്രതീകമാണ് അംഗീകാരമെന്ന് മോദി പറഞ്ഞു. ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുള്ള ആദരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി.

ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഒരു നീക്കത്തത്തിനും ഞങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല

- അനുര കുമാര ദിസനായകെ,​

ശ്രീലങ്കൻ പ്രസിഡന്റ്