പുല്ലഴിയിൽ തോരാതെ കണ്ണീർ, നെൽകർഷകരെ 'പതിരാക്കി' കമ്പനികൾ
തൃശൂർ: വേനൽമഴയിലെ കൃഷി നാശത്തിന് പിന്നാലെ പുല്ലഴി കോൾപ്പടവിലെ കർഷകരുടെ അന്നം മുടക്കി സ്വകാര്യമില്ലുടമകളും. പകുതിയോളം ഏക്കർ പാടത്തെ കൊയ്ത്തിന് ശേഷം നെല്ലിന് കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുടമകൾ കർഷകരെ കുരുക്കിയത്. പതിരുണ്ടെന്ന കാരണങ്ങൾ പറഞ്ഞാണ് നൂറു കിലോഗ്രാമിൽ നിന്ന് അഞ്ച് കിലോഗ്രാമിലേറെ കുറച്ച് നെല്ല് സംഭരിക്കുന്നത്. 15 ദിവസമായി പാലക്കാട്, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് യന്ത്രങ്ങൾ എത്തിച്ച് നെല്ലും പതിരും വേർതിരിച്ചിരുന്നു. ഇത് ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. മാർച്ച് അഞ്ചിനാണ് കൊയ്ത്ത് ആരംഭിച്ചത്. സപ്‌ളൈകോയിൽ രജിസ്റ്റർ ചെയ്ത ശേഷം സംഭരണത്തിന് കമ്പനികളെ ഏൽപ്പിച്ചു. അവരുടെ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പ്രകാരമാണ് കർഷകർ നീങ്ങിയത്. എന്നിട്ടും തങ്ങളെ വട്ടം കറക്കുകയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമിതമായ ചൂട് മൂലം കൃഷിനാശമുണ്ടായിട്ടും വിള ഇൻഷ്വറൻസും കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസും ലഭിച്ചിട്ടില്ല. കൃഷി വ്യാപകമായി വെളളത്തിൽ മുങ്ങിയിട്ടും നാമമാത്രമായ വിത്താണ് കൃഷി വകുപ്പ് നൽകിയത്.
ഈർപ്പത്തിന്റെ പേരിൽ കൊളള വേനൽമഴ ശക്തിയായതോടെ നെല്ലിന്റെ തൂക്കത്തിൽനിന്നും ഈർപ്പത്തിന്റെ പേരിൽ കണക്കില്ലാതെയാണ് കമ്പനികൾ വില വെട്ടികുറയ്ക്കുന്നത്. പഴഞ്ഞി, കാട്ടകാമ്പാൽ മേഖലകളിലെ പുഞ്ചപ്പാടങ്ങളിൽ കൊയ്ത്ത് അവസാനഘട്ടത്തിലെത്തിയതോടെയാണിത്. നെല്ലിൽ 13 മുതൽ 16 ശതമാനം വരെ ഈർപ്പമുണ്ടെന്ന് പറഞ്ഞ് നൂറ് കിലോയിൽനിന്നും മൂന്നും നാലും കിലോയാണ് വെട്ടിക്കുറയ്ക്കുന്നത്. മഴയെ ഭയന്ന് ഉണക്കാനിടാതെ നെല്ല് കയറ്റിവിടുകയാണ് കർഷകർ ചെയ്യുന്നത്. മഴ ശക്തിപ്രാപിച്ചാൽ നെല്ലിന് ഇനിയും വില കുറയും. മിക്ക പടവുകളിലും കൊയ്ത്ത് വേഗത്തിലാക്കിയതോടെ യന്ത്രം കിട്ടാത്ത അവസ്ഥയാണ്.
പുല്ലഴി കോൾപടവ്
- വിസ്തൃതി: 900 ഏക്കർ
- കൃഷിയിറക്കിയത്: 650 ഏക്കർ
- കൊയ്ത്തുകഴിഞ്ഞത്: 200-300 ഏക്കറിൽ
- കർഷകർ: 650
- സംഭരണവില: 28.32 രൂപ
- കോൾപടവ് തൃശൂർ കോർപറേഷനിലെ ഏറ്റവും വലുത്
മഴയിൽ കൃഷിനാശം സംഭവിച്ചതിന് പിന്നാലെയാണ് കമ്പനികളും കർഷകരെ ദുരിതത്തിലാക്കുന്നത്. അധികൃതർ ഉടനെ ഇടപെട്ട് കർഷകരെ രക്ഷിക്കണം. കൊളങ്ങാട്ട് ഗോപിനാഥൻ , പ്രസിഡന്റ്, പുല്ലഴി കോൾപ്പടവ് സഹകരണസംഘം