അന്നദാനത്തിൽ അച്ചാർ നൽകാത്തതിന് ആക്രമണം: യുവാവിനെതിരെ കേസ്

Sunday 06 April 2025 1:37 AM IST

ആലപ്പുഴ: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകിയില്ലെന്നാരോപിച്ച് ക്ഷേത്ര ഭാരവാഹിയേയും ഭാര്യയേയും ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഡിയം വാർഡ് അറയ്ക്കൽ അരുണിനെതിരെയാണ് (23) ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. അരുണിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 2ന് ഉച്ചക്ക് നടന്ന അന്നദാനത്തിനിടെയാണ് യുവാവിനും ഭാര്യക്കുമെതിരെ ആക്രമണമുണ്ടായത്. അരുൺ രണ്ട് പന്തി ഭക്ഷണം കഴിച്ചശേഷം അച്ചാർ ആവശ്യത്തിനു കിട്ടിയില്ലെന്ന് പറഞ്ഞ് മൂന്നാം തവണയും എത്തിയപ്പോൾ അച്ചാർ തീർന്നു പോയിരുന്നു. തുടർന്ന് ഭക്ഷണം വിളമ്പുന്ന ആളുമായി തർക്കത്തിലായി. ഇതിനിടെ ഇവരുടെ തർക്കം പരിഹരിക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയായ അത്തിപ്പറമ്പ് രാജേഷിനെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് ഭാര്യ അർച്ചനയ്ക്ക് മർദനമേറ്റത്. ഇരുവരും പിന്നീട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.