ട്രെയിനിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തയാൾ പിടിയിൽ

Sunday 06 April 2025 1:42 AM IST

പാലക്കാട്‌: ഒഡീഷ ദമ്പതികളുടെ ഒന്നര വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുത്ത യുവാവിനെ പിടികൂടി.

തമിഴ്നാട് ദിണ്ടിഗൽ സ്വദേശി വെട്രിവേലിനെ(32) ആണ് പാലക്കാട് ജംഗ്ഷൻ(ഒലവക്കോട്)​ റെയിൽവേ സ്റ്റേഷനിൽ നിന്ന് നോർത്ത് പൊലീസ് പിടികൂടിയത്. തൃശൂരിൽ വച്ച് ദമ്പതികൾ അറിയാതെ ട്രെയിനിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്നാണ് യുവാവിൻ്റെ മൊഴി. 10 വർഷമായി ആലുവയിൽ ജോലി ചെയ്യുകയാണ് ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികൾ. ഒഡീഷയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ പ്രതി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ദമ്പതികൾ തൃശൂർ പൊലീസിൽ പരാതി നൽകിയതനുസരിച്ച് കുഞ്ഞിന്റെ ചിത്രവുമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കണ്ടത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും നടത്തിയ ഇടപെടലാണ് കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ചത്.