കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള ലേഖനം പിൻവലിച്ച് ഓർഗനൈസർ
ന്യൂഡൽഹി: കത്തോലിക്കാ സഭയ്ക്കെതിരായ ലേഖനം വിവാദമായതോടെ ആർ.എസ്.എസ് വാരിക ഓർഗനൈസർ വെബ്സൈറ്റിൽ നിന്ന് ലേഖനം പിൻവലിച്ചു.
'ഇന്ത്യയിൽ ഏറ്റവുമധികം ഭൂമി ആരുടെ പക്കൽ ? കത്തോലിക്കാ സഭയ്‌ക്കോ, വഖഫ് ബോർഡിനോ' എന്ന ലേഖനമാണ് വിവാദമായത്. സർക്കാർ ഭൂമി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഭൂമി കൈവശം വച്ചിരിക്കുന്നത് വഖഫ് ബോർഡല്ല, ഇന്ത്യയിലെ കത്തോലിക്കാ ചർച്ചാണെന്ന് ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏഴു കോടി ഹെക്‌ടറാണ് സഭയ്‌ക്ക് സ്വന്തമായുള്ളത്. ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമ. 2021 ഫെബ്രുവരിയിലെ കണക്കുപ്രകാരം സർക്കാർ ഭൂമി 15531 ചതുരശ്ര കിലോമീറ്ററാണ്. കത്തോലിക്കാ സഭയ്‌ക്ക് 17.29 കോടി ഏക്കറും. 20,000 കോടിക്കും മുകളിലാണ് ഇവയുടെ വിപണിവില.
ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ഭൂപ്രകൃതിയിൽ സഭയ്‌ക്ക് നിർണായക പങ്കുണ്ടെന്നും ലേഖനത്തിൽ പറയുന്നു. 1927ലെ ഇന്ത്യൻ ചർച്ച് ആക്‌ട് പ്രകാരം വൻതോതിലാണ് ഭൂസ്വത്തുക്കൾ സഭ വർദ്ധിപ്പിച്ചത്. സഭയുടെ സ്‌കൂളുകളിലും ആശുപത്രികളിലും സൗജന്യമോ കുറഞ്ഞ ചെലവിലോ പാവപ്പെട്ടവർക്ക് സേവനങ്ങൾ നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു. ആദിവാസികൾ തുടങ്ങിയവരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്‌ത ശേഷം അവരുടെ ഭൂമി പള്ളിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾക്ക് നൽകുകയാണെന്നും ലേഖനത്തിൽ ആരോപിച്ചു.
അടുത്തത് ക്രിസ്ത്യാനികൾ
ലേഖനം സംബന്ധിച്ച വാർത്ത പങ്കുവച്ചു കൊണ്ട് എക്‌സ് അക്കൗണ്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരെ വിമർശനമുന്നയിച്ചു. വഖഫ് ഭേദഗതി ബിൽ മുസ്ലിം സമുദായത്തെ ആക്രമിക്കുന്നതാണ്. ഇനി മറ്റ് സമുദായങ്ങളെ ലക്ഷ്യമിടുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ക്രിസ്ത്യാനികളിലേക്ക് തിരിയാൻ ആർ.എസ്.എസിന് കൂടുതൽ സമയം വേണ്ടിവന്നില്ല. ഇത്തരം ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണെന്നും രാഹുൽ വ്യക്തമാക്കി.