ജസ്റ്റിസ് യശ്വന്ത് വർമ്മ ചുമതലയേറ്റതിലും വിവാദം

Sunday 06 April 2025 12:54 AM IST

ന്യൂഡൽഹി: വസതിയിൽ നിന്ന് വൻ നോട്ടുകൂമ്പാരം കണ്ടെത്തിയതിനുപിന്നാലെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ ജസ്റ്റിസ് യശ്വന്ത് വർമ്മ ചുമതലയേറ്രതിൽ വിവാദം. ഇന്നലെയാണ് അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. പൊതുചടങ്ങായി നടത്തേണ്ട സത്യപ്രതിജ്ഞ, രഹസ്യമായി ചേംബറിൽ വച്ചു നടത്തിയെന്ന് ആരോപിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ രംഗത്തുവന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രമേയവും അസോസിയേഷൻ പാസാക്കി. അലഹബാദ് ഹൈക്കോടതിയിലും യശ്വന്ത് വർമ്മയ്‌ക്ക് ജുഡിഷ്യൽ ജോലികൾ നൽകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദ്ദേശിച്ചിട്ടുണ്ട്. വിവാദത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലും ജുഡിഷ്യൽ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.