ഇന്ത്യയും ലങ്കയും കൈകോർത്തു: ചൈനയ്ക്ക് പ്രഹരം, ട്രിങ്കോമാലി എനർജി ഹബ്ബാകും
കൊളംബോ: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉയരുന്ന ചൈനീസ് ഭീഷണിക്കെതിരെയുള്ള നിർണായക ചുവടുവയ്പായി ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ഊർജ്ജ കരാർ. കിഴക്കൻ ശ്രീലങ്കൻ നഗരമായ ട്രിങ്കോമാലിയെ എനർജി ഹബ്ബാക്കി മാറ്റാനുള്ള ധാരണാപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ ഒപ്പിട്ടു. ഇന്ത്യയുടെ അടുത്ത സുഹൃത്തായ യു.എ.ഇയും കരാറിന്റെ ഭാഗമാണ്. മൾട്ടി-പ്രോഡക്ട് പൈപ്പ്‌ലൈൻ അടക്കം നിർമ്മിക്കുന്നതാണ് പദ്ധതി. ശ്രീലങ്കയിലെ ഇന്ത്യൻ സാന്നിദ്ധ്യം ശക്തമാക്കാൻ പദ്ധതി സഹായിക്കും. അടിസ്ഥാന വികസന പദ്ധതികളിലൂടെ ശ്രീലങ്കയിൽ സ്വാധീനം വളർത്താനുള്ള ശ്രമത്തിലാണ് ചൈന. തെക്കൻ തുറമുഖ നഗരമായ ഹംബൻതോട്ട കേന്ദ്രീകരിച്ചാണ് ചൈനയുടെ നീക്കങ്ങൾ. ഹംബൻതോട്ടയിൽ 3.2 ബില്യൺ ഡോളർ ചെലവിൽ എണ്ണ ശുദ്ധീകരണ ശാല നിർമ്മിക്കാനുള്ള കരാർ ചൈനീസ് സർക്കാരിന്റെ ഊർജ്ജ കമ്പനിയായ സിനോപാക് ഏറ്റെടുത്തിരുന്നു.
മഹിന്ദ രാജപക്‌സെയുടെ കാലത്ത് ചൈനീസ് വായ്പ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഹംബൻതോട്ട തുറമുഖം. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 2017 മുതൽ തുറമുഖം ചൈന 99 വർഷത്തേക്ക് പാട്ടത്തിന് ഏറ്റെടുത്തിരിക്കുകയാണ്. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ചൈനയുടെ ചാരക്കപ്പലുകൾ മുമ്പ് ഹംബൻതോട്ടയിൽ അടുപ്പിച്ചത് ഇന്ത്യ സൂഷ്മമായി നിരീക്ഷിച്ചിരുന്നു.
# ചരിത്ര വരവേൽപ്പ്
മോദിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം ഒരുക്കി ശ്രീലങ്ക. ഇന്നലെ കൊളംബോയിലെ ചരിത്ര പ്രസിദ്ധമായ ഇൻഡിപെൻഡൻസ് സ്‌ക്വയറിലായിരുന്നു ദിസനായകെ മോദിക്കായി ഔദ്യോഗിക വരവേൽപ്പ് ഒരുക്കിയത്. ആദ്യമായാണ് ഒരു വിദേശ നേതാവിന് ശ്രീലങ്ക ഇങ്ങനെയൊരു സ്വീകരണം ഒരുക്കിയത്. തായ്‌ലൻഡിലെ ബിംസ്റ്റെക് ഉച്ചകോടിയ്ക്ക് ശേഷം വെള്ളിയാഴ്ച രാത്രിയാണ് മോദി ലങ്കയിലെത്തിയത്.
കഴിഞ്ഞ സെപ്തംബറിൽ ദിസനായകെ അധികാരമേറ്റ ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി. ഇരുനേതാക്കളും കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ ഉഭയകക്ഷി ചർച്ച നടത്തി. ലങ്കയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനും സുസ്ഥിരതയ്ക്കും സഹായമേകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മോദി അറിയിച്ചു. പ്രതിരോധ സഹകരണം അടക്കമുള്ള ഏഴ് ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
# സൗരോർജ്ജ പദ്ധതി
ശ്രീലങ്കയിലുടനീളമുള്ള ആരാധനാലയങ്ങളിൽ 5,000 റൂഫ്-ടോപ് സൗരോർജ യൂണിറ്റുകൾ സ്ഥാപിക്കുന്നടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മോദിയും ദിസനായകെയും ചേർന്ന് വെർച്വലായി നിർവഹിച്ചു. ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയടക്കം നേതാക്കളുമായും 1996ലെ ക്രിക്കറ്റ് ലോക കപ്പ് നേടിയ ശ്രീലങ്കൻ ടീം അംഗങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തി. മോദി ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും.
#ശ്രീലങ്കയുമായി വിവിധ മേഖലകളിൽ സഹകരണം
1. വൈദ്യുതി ഇറക്കുമതി/കയറ്റുമതി, ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയ്ക്കുള്ള സാമ്പത്തിക സഹായം, ഡിജിറ്റൽ - ആരോഗ്യ - ഫാർമക്കോപ്പിയൽ മേഖലകളിലെ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലും ഒപ്പിട്ടു 2. മഹോ-ഒമാന്തായി റെയിൽവേ ലൈനിൽ നവീകരിച്ച ട്രാക്ക് അടക്കം ഇന്ത്യൻ സഹായത്തോടെയുള്ള നാല് പദ്ധതികളുടെ ഉദ്ഘാടനം 3. ഇന്ത്യയിൽ പ്രതിവർഷം 700 ശ്രീലങ്കക്കാരെ ഉൾക്കൊള്ളിച്ച് സമഗ്ര ശേഷി വികസന പരിപാടി നടത്തും 4. ട്രിങ്കോമാലിയിലെ തിരുകോണേശ്വരം ക്ഷേത്രമടക്കം മൂന്ന് പൈതൃക പദ്ധതികളുടെ വികസനത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകും