കാണികൾക്ക് മുന്നിൽ സർക്കസ് കലാകാരനെ ആക്രമിച്ച് കടുവ

Sunday 06 April 2025 7:06 AM IST

കയ്റോ: കാണികൾക്ക് മുന്നിൽ വച്ച് സർക്കസ് കലാകാരനെ ആക്രമിച്ച് കടുവ. ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയ്ക്ക് വടക്ക് 60 മൈൽ അകലെയുള്ള റ്റാന്റ നഗരത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭീമൻ കൂടിനുള്ളിലാണ് കടുവകളെ വച്ചുള്ള അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. ഇതിനിടെ ഒരു വെള്ളക്കടുവ കലാകാരൻമാരിൽ ഒരാൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളുടെ കൈ കടുവ കടിച്ചുകീറി. ഇതിനിടെ ഇയാളുടെ കൈ കൂടിലെ ലോഹ ബാറിനിടെയിൽ കുടുങ്ങുകയും ചെയ്തിരുന്നു. ആക്രമണ ദൃശ്യം കണ്ട് കാണികൾ ഭയന്ന് പുറത്തേക്കോടി. സർക്കസ് ജീവനക്കാർ ആക്രമണത്തിൽ നിന്ന് സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടുവ പിന്മാറാൻ തയ്യാറായില്ല. ഇതിനിടെ മറ്റൊരു കടുവ ആക്രമണത്തിനൊരുങ്ങിയെങ്കിലും തടയാനായി. ഒടുവിൽ കടുവ പിടിവിട്ടതോടെ സർക്കസ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ഇയാളുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു. അതേ സമയം, സർക്കസ് പ്രകടനങ്ങളിൽ നിന്ന് ഒഴിവാക്കിയ കടുവയെ കയ്റോയിലെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. ആക്രമണ പശ്ചാത്തലത്തിൽ മേഖലയിലെ എല്ലാ സർക്കസുകളും നിറുത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.