മ്യാൻമർ ഭൂകമ്പം: മരണം 3,350 കടന്നു

Sunday 06 April 2025 7:06 AM IST

നെയ്‌പിഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,350 കടന്നു. 4,850 പേർക്ക് പരിക്കേറ്റു. 220 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മ്യാൻമറിലെ നാശനഷ്ടം ഭയാനകമാണെന്നും മ്യാൻമറിനെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ഐക്യരാഷ്ട്ര സംഘടന (യു.എൻ) അഭ്യർത്ഥിച്ചു.

ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ രക്ഷാപ്രവർത്തനങ്ങളിലും സഹായവിതരണത്തിനും മുന്നിലുണ്ട്. യു.എസ് 90 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചെങ്കിലും വിദേശ സഹായ പദ്ധതി നിറുത്തിയതിനാൽ അനിശ്ചിതത്വം തുടരുന്നു. അതേ സമയം, ബുധനാഴ്ച വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും പട്ടാള ഭരണകൂടം വ്യോമാക്രമണം തുടരുന്നതായി ആരോപണമുണ്ട്.

പട്ടാള ഭരണകൂടത്തെ എതിർക്കുന്ന പ്രദേശങ്ങളിലേക്കുള്ള സഹായ വിതരണം തടയുന്നതായി വിവിധ ഗ്രൂപ്പുകളും പറയുന്നു. മാർച്ച് 28നാണ് മ്യാൻമറിനെ നടുക്കി 7.7 തീവ്രതയിലെ ഭൂകമ്പമുണ്ടായത്. ഭൂകമ്പം അയൽരാജ്യമായ തായ്‌ലൻഡിലും നാശംവിതച്ചിരുന്നു.