140 വയസെന്ന വാദവുമായി വൃദ്ധൻ, അന്വേഷണവുമായി താലിബാൻ
കാബൂൾ: ഭൂമിയിലെ ഏറ്റവും പ്രായമുള്ളയാൾ താനാണെന്ന വൃദ്ധന്റെ അവകാശവാദത്തിനെതിരെ അന്വേഷണം ആരംഭിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. അഖൽ നസീർ എന്നയാളാണ് തനിക്ക് 140 വയസുണ്ടെന്ന് അവകാശപ്പെട്ടിരിക്കുന്നത്. കിഴക്കൻ ഖോസ്ത് പ്രവിശ്യയിൽ ജീവിക്കുന്ന ഇദ്ദേഹം 1880കളിലാണ് ജനിച്ചതെന്ന് പറയുന്നു.
എന്നാൽ, ഇത് സാധൂകരിക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല. 1919ലെ മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധ സമയം താൻ തന്റെ 30കളിലായിരുന്നെന്ന് നസീർ തറപ്പിച്ചു പറയുന്നു. വലിയ കൂട്ടുകുടുംബമാണ് നസീറിന്റേത്. അദ്ദേഹത്തിന് 140 വയസുണ്ടെന്ന് ഇവരും പറയുന്നു. അതേ സമയം, നസീറിന്റെ വാദം ശരിയാണോ എന്നറിയാൻ പ്രത്യേക സിവിൽ രജിസ്ട്രേഷൻ ടീമിനെ ചുമതലപ്പെടുത്തിയെന്ന് താലിബാൻ വക്താവ് പറഞ്ഞു.
നസീറിന്റെ വാദം തെളിഞ്ഞാൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തിയെന്ന റെക്കാഡ് അദ്ദേഹത്തിന് സ്വന്തമാകും. നിലവിൽ ഈ റെക്കാഡ് ഫ്രഞ്ച് പൗരയായ ജീൻ ലൂയി കാൽമെന്റിനാണ്. 1875 ഫെബ്രുവരി 21ന് ജനിച്ച ജീൻ 122ാം വയസിലാണ് അന്തരിച്ചത്.
അതേ സമയം, ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന അവകാശവാദവുമായി നിരവധി പേരാണ് മുമ്പ് രംഗത്തെത്തിയിട്ടുള്ളത്. ജനുവരിയിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഡിയോലിറ ഗിൽസേറിയ പെട്രോ ഡ സിൽവ എന്ന മുത്തശ്ശിയും ഇതേ വാദം ഉന്നയിച്ചിരുന്നു. 1905 മാർച്ച് 10നാണ് ജനിച്ചതെന്നും 120 വയസുണ്ടെന്നും ഈ മുത്തശ്ശി പറഞ്ഞു. ഗിന്നസ് ലോക റെക്കാഡിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ പ്രായം തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ അപേക്ഷ ഗിന്നസ് തള്ളി.