'65 കാരന്റെ കാമുകിയായി 30 കാരി'; കമന്റിന് കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ
ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മാളവിക മോഹനൻ. രജനികാന്ത് ചിത്രം പേട്ട, വിജയ് ചിത്രം മാസ്റ്റർ എന്നീവയിലും താരം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്‌ളൗഡ്‌സ്' എന്ന ചിത്രത്തിലൂടെ മാളവിക ബോളിവുഡിലേക്കും കാലെടുത്തുവച്ചു. ഇതുകൂടാതെ വേറിട്ട ഫോട്ടോ ഷൂട്ടിലൂടെയും താരം വളരെ ശ്രദ്ധ നേടാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള മാളവിക മോഹനന്റെ ചിത്രങ്ങൾ എപ്പോളും വൈറലാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവം' എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം മാളവിക മലയാളത്തിലേക്ക് വരികയാണ്. മോഹൻലാലിന്റെ നായികയായി മാളവിക ഇതാദ്യമായാണ്. മാർച്ച് 18ന് ആയിരുന്നു തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയെന്ന് അറിയിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങളും ഉണ്ടായിരുന്നു.
ഇതിന് താഴേ വന്ന ഒരു കമന്റിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. '65 കാരന്റെ കാമുകിയായി 30 കാരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്തുപറ്റി?' എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക മോഹനൻ മറുപടിയുമായി രംഗത്തെത്തി. 'ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്' - എന്നായിരുന്നു മാളവികയുടെ മറുപടി.