വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു; ഇൻക്വസ്റ്റ് പൂർത്തിയായി, പോസ്റ്റുമോർട്ടം നാളെ
മലപ്പുറം: വീട്ടിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് (35) മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. അസ്‌മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലും മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു നടന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടം നാളെ നടക്കും.
അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്‌മയും ഭർത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം. ഇന്നലെ ആറുമണിയോടെയാണ് അസ്‌മ പ്രസവിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാൾ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്.
സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപാണ് ഈ കുടുംബം വാടകവീട്ടിലെത്തിയത്. കുടുംബത്തിൽ നാലുകുട്ടികൾ ഉള്ളതുപോലും പ്രദേശവാസികൾക്ക് അറിയിവില്ലായിരുന്നുവെന്നാണ് പറയുന്നത്. കുട്ടികളെ സ്കൂൾ വണ്ടിയിൽ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിവില്ലായിരുന്നു.