വഖഫിൽ കൈപൊള്ളി കേരള കോൺഗ്രസ് എം.പിമാർ
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന സഭാ ആവശ്യം തള്ളി എതിർത്ത വോട്ട് ചെയ്ത് കേരള കോൺ. എം.പിമാർ വെട്ടിലായതാണ് പുതിയ ചർച്ച. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയിലെ കുഞ്ഞാടുകളുടെ ഭൂരിപക്ഷം വോട്ട് വാങ്ങിയാണ് യു.ഡിഎഫ് സ്ഥാനാർത്ഥികൾ പാർലമെന്റിലെത്തിയത്. വോട്ട് ലഭിച്ചില്ലെങ്കിലും ഇന്ത്യാമുന്നണിയുടെ ഭാഗമായ ഇടതു എം.പിമാരും ബിഷപ്പുമാരുടെ ആഹ്വാനം തള്ളിയത് പോട്ടേന്ന് വയ്ക്കാം. എന്നാൽ ക്രൈസ്തവ വോട്ട് ബാങ്ക് പാർട്ടിയായി വാഴ്ത്തപ്പെടുന്ന കേരള കോൺഗ്രസ് എം.പിമാർ ബിഷപ്പുമാരുടെ വാക്കിന് വില കൽപ്പിക്കാതെ വോട്ട് ചെയ്തത് ചതിയായി പോയെന്നാണ് സംസാരം. ഇനിയും തിരഞ്ഞെടുപ്പു വരും അപ്പോൾ കാണിച്ച് തരാമെന്ന ഭീഷണി ഉയർത്തി നിൽക്കുകയാണ് ക്രൈസ്തവ സമൂഹം.
മുനമ്പത്ത് തലമുറകളായി താമസിച്ചുവരുന്ന ക്രൈസ്തവരുടെ ഭൂമി വഖഫിൽ കുടുങ്ങി കോടതിയിലെത്തി നിൽക്കുകയാണിപ്പോൾ. ഒരു കുഴപ്പവും വരില്ലെന്ന ഇടതു വലതു മുന്നണി നേതാക്കളുടെ വാക്കിൽ വിശ്വാസമില്ലാത്തതിനാൽ ബി.ജെ.പി നേതാക്കളുടെ വാക്കിനാണ് മുനമ്പത്ത് സമരം ചെയ്യുന്നവർ പ്രാധാന്യം കൊടുക്കുന്നത്. വഖഫ് ഭേദഗതി പാസായതോടെ സമരസമിതിയിൽപ്പെട്ട 50 പേർ ബി.ജെ.പിയിൽ ചേർന്നതും യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തുകയാണ്. ജോസ് കെ മാണിയാകട്ടെ വഖഫ് ബോർഡ് തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാമെന്ന ഭേദഗതിയെ പിന്തുണച്ചത് കുഞ്ഞാടുകളെ പിണക്കുന്നത് ദോഷം ചെയ്യുമെന്ന് മനസിലാക്കിയാണ്. 'തല്ലരുതെന്ന് പറഞ്ഞിട്ട് വെടിവച്ചു കൊല്ലുന്നതായി പോയി ' ആർക്കും ഗുണം ചെയ്യാത്ത ജോസിന്റെ ഈ പിന്തുണക്കൽ എന്നായിരുന്നു പഴയ ശത്രുവും ഇപ്പോൾ ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ പി.സി ജോർജിന്റെ പരിഹാസം. ജോസും , ഫ്രാൻസിസ് ജോർജും എം.പി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ജോർജ് ഉന്നയിച്ചു. ഇരുവരുടെയും രാജിക്കായി ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിന് മുന്നോടിയായി കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. മുനമ്പത്ത് വഖഫ് ബോർഡ് വക ഇത്തരം കൊലച്ചതി ഇടത് - വലത് മുന്നണികൾ പ്രതീക്ഷിച്ചില്ല. മണ്ണും ചാരി നിന്ന ബി.ജെ.പി ഇതിനിടയിൽ ക്രൈസ്തവ വോട്ടുബാങ്കിൽ നുഴഞ്ഞു കയറുമോ എന്നാണ് ഇനി അറിയേണ്ടത്.