വേനൽ മഴയ്ക്കൊപ്പം വിറപ്പിച്ച് വൈറൽപ്പനി
കോട്ടയം : പൊള്ളുന്ന ചൂടിന് നേരിയ ആശ്വാസമേകി വേനൽ മഴയെത്തിയെങ്കിലും പിന്നാലെ വൈറൽപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ചിക്കൻപോക്സും , ശുദ്ധജല ലഭ്യത കുറഞ്ഞതോടെ ജലജന്യ രോഗങ്ങളും വർദ്ധിച്ചു. രാവിലെ തണുപ്പും പിന്നാലെയുള്ള ചൂടും ചേർന്ന കാലാവസ്ഥാ മാറ്റമാണ് പനി ബാധിതർ ഏറാൻ കാരണം. ഈ മാസം ഇതുവരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം മാത്രം 419 പേർ ചികിത്സ തേടി. രണ്ടു മൂന്നു ദിവസം കൊണ്ട് പനി വിട്ടാലും ചുമയും ശാരീരിക ക്ഷീണവും അലട്ടുകയാണ്. ചിലർക്ക് ആസ്‌തമയ്ക്ക് സമാനമായ കടുത്ത ശ്വാസം മുട്ടലും ചുമയുമുണ്ട്. ഇത് ശ്വാസനാളികളിലെ നീർക്കെട്ടിനിടയാക്കും. ഈ മാസം 168 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് എലിപ്പനി, ഡെങ്കി തുടങ്ങിയവ.
ശ്രദ്ധവേണം, സ്വയംചികിത്സ അരുത്
പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വയംചികിത്സ പാടില്ല. ഇത് സ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് ക്ഷീണം അകലാൻ ഉപകരിക്കും. ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ.
വയറിളക്കം വില്ലൻ വെള്ളം
പുറത്തു നിന്ന് വെള്ളവും ഭക്ഷണവും കഴിക്കുന്നവരാണ് ഏറെയും വയറിളക്കത്തിന് ഇരകൾ. ഭക്ഷ്യവിഷബാധ, വയറിളക്ക രോഗങ്ങളുമായി ഈ ആഴ്ച 140 പേരാണ് ചികിത്സ തേടിയത്. ചൂട് കാലമായതിനാൽ ജ്യൂസും സർബത്തുമായി നിരവധി വഴിയോരക്കടകളാണുള്ളത്. ഇവയിലുപയോഗിക്കുന്ന വെള്ളവും ഐസുമാണ് വില്ലൻ.
ലക്ഷണങ്ങൾ അവഗണിക്കരുത് പനി, തലവേദന, കണ്ണിനു പിന്നിൽ വേദന, ശക്തമായ പേശി വേദന, സന്ധി വേദന, ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ, തുടർച്ചയായ ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ട്, രക്തസമ്മർദം കുറയുക, രക്തസ്രാവം.
''കുടിവെള്ളം പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ പകർച്ചവ്യാധികൾക്കുമുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം''
-ഡോ. എൻ.പ്രിയ,ഡി.എം.ഒ