ബസിന് പിന്നിൽ ലോറിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Monday 07 April 2025 12:09 AM IST

കോട്ടയം : സ്വകാര്യ ബസിന് പിന്നിൽ ലോറിയിടിച്ച് ഡ്രൈവർ എറണാകുളം ഇടത്തല തൃക്കളത്തൂർ വീട്ടിൽ ആഷിക് ഹസന് (52) ഗുരുതര പരിക്ക്. ഇന്നലെ ഉച്ചക്കഴിഞ്ഞ് മൂന്നോടെ എം.സി റോഡിൽ ചവിട്ടുവരിയിലായിരുന്നു അപകടം. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പാഴ്‌സൽ ലോറി ആളെ ഇറക്കിയ ശേഷം മുന്നോട്ട് എടുത്ത ബസിന് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലത്തിൽ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരും , ഫയർഫോഴ്സും ചേർന്ന് ലോറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.