ഒഴിയാതെ... മഞ്ഞപ്പിത്ത ആശങ്ക
കണ്ണൂർ: ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക പടർത്തുന്നു. മാർച്ചിൽ 63 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ രോഗ വ്യാപനം കൂടുന്ന ഘട്ടത്തിൽ തന്നെയാണ് ജില്ലയിലെയും ഈ ഉയർച്ച. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 8200 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 17 മരണങ്ങളും ഉണ്ടായി. കൃത്യമായ പരിശോധനയും തുടക്കത്തിലേ ശ്രദ്ധിക്കാത്തതുമാണ് രോഗം മൂർച്ഛിക്കാനും മരണത്തിലേക്ക് നയിക്കാനും ഇടയാക്കിയത്.
മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ് എന്നിവടങ്ങളിലെ വിവിധ പ്രദേശങ്ങളാണ് കഴിഞ്ഞ സീസണിലെ മഞ്ഞപ്പിത്ത വ്യാപന കണക്കുകളെ തുടർന്ന് ഹോട്സ്പോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇവിടങ്ങളിൽ വ്യാപകമായി തന്നെ രോഗവ്യാപനം ഉണ്ടായതായാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. തളിപ്പറമ്പ് നഗരം കേന്ദ്രീകരിച്ച് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുൾപ്പെടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. മാലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കിണർ കേന്ദ്രീകരിച്ചും പരിയാരത്തെ ഉത്സവം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ കല്ല്യാണ ആഘോഷം കേന്ദ്രീകരിച്ചുമാണ് രോഗ വ്യാപനമുണ്ടായത്.
പനി ബാധിതരുടെ എണ്ണവും ജില്ലയിൽ കുറവില്ലാതെ തന്നെ തുടരുകയാണ്. കഴിഞ്ഞ മാസം പനി ബാധിച്ച 7284 രോഗികളാണ് സർക്കാർ ആശുപത്രികളിൽ മാത്രമായി ചികിത്സയ്‌ക്കെത്തിയത്. ചൂട് കൂടുന്നതും വേനൽ മഴയും കാലാവസ്ഥ വ്യതിയാനവുമെല്ലാം രോഗ വ്യാപനത്തിനുള്ള ആനൂകാല സാഹചര്യങ്ങളാണ്.
142 ൽ 49
ജില്ലയിൽ മുൻ വർഷത്തെ കണക്കുകൾ പ്രകാരം സാംക്രമിക രോഗങ്ങൾക്ക് 142 ഹോട്ട്സ്പോട്ടുകളാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. അതിൽ മഞ്ഞപ്പിത്തത്തിന് മാത്രമായി 49 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. രോഗ വ്യാപനം തടയാൻ ആരോഗ്യവകുപ്പ് മുന്നൊരുക്കൾ നടത്തുമ്പോഴും കഴിഞ്ഞ ഒരു മാസത്തിലെ കണക്കുകൾ ആശങ്ക പരത്തുന്നുണ്ട്.
ശ്രദ്ധ കൈവെടിയരുത്
ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രകടമായ ലക്ഷണം. രോഗം രൂക്ഷാകുന്ന സാഹചര്യത്തിൽ ഇത് കരളിനെയും ബാധിക്കുന്നു. നഗരങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് കൂടുതലായി മഞ്ഞപ്പിത്ത വ്യാപനം കാണുന്നത്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ നിരവധിയുമാണ്. എന്നാൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ശുദ്ധജലത്തിന്റെ അഭാവവും വൃത്തിഹീനമായ വെള്ളത്തിന്റെയും ഭക്ഷണ പദാർത്ഥങ്ങളുടെയും ഉപയോഗവുമാണ് പ്രധാനമായും കണ്ടു വരുന്ന രോഗ കാരണങ്ങൾ.
കഴിഞ്ഞ വർഷം സ്വകാര്യ കുടിവെള്ള വിതരണ ശൃംഖലയിൽ വിതരണം ചെയ്ത കുടിവെള്ളമാണ് തളിപ്പറമ്പിലും പ്രദേശങ്ങളിലും മഞ്ഞപ്പിത്ത വ്യാപനമുണ്ടാക്കിയതിൽ ഒരു പ്രധാന കാരണം. ഇതെല്ലം തടയാൻ കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം നിർബന്ധമായും ഉറപ്പ് വരുത്തിയിട്ട് മാത്രം ഉപയോഗിക്കുക.- ജില്ലാ ആരോഗ്യ വകുപ്പ്