പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് മർദ്ദനം: പ്രതികൾ പിടിയിൽ

Monday 07 April 2025 12:49 AM IST

അമ്പലപ്പുഴ: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് നാട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പാനൂർ പല്ലന ആഞ്ഞിലത്തറ ഹൗസിൽ അജാസ് മുഹമ്മദ് (21), തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ പാനൂർ പല്ലന വെട്ടുതറ കാട്ടിൽ ഹൗസിൽ ബാസിത് ( 19 ), തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനാലാം വാർഡിൽ പാനൂർ പല്ലനയിൽ പേരേത്ത്‌ ഹൗസിൽ അൻവർ അനസ് ( 23) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം

അമ്പലപ്പുഴ കായിപ്പള്ളി അമ്പലത്തിന് സമീപം പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തയാളം ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിക്കുകയും തടസം പിടിക്കാനെത്തിയ സഹോദരിയെ മുടിക്ക് കുത്തി പിടിക്കുകയും പത്തൽ കൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളാണ് അറസ്റ്റിലായത്.

തൃക്കുന്നപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുമുളക് സ്പ്രേ അടിച്ച് നാട്ടുകാരെ ആക്രമിച്ച കേസിലും, കഞ്ചാവ് കൈവശം വച്ച കേസിലും, അമ്പലപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ കണ്ടക്ടറേയും ഡ്രൈവറേയും ആക്രമിച്ച കേസിലെയും ഇവർ പ്രതികളാണ്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.പ്രതീഷ്കുമാർ ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ കെ. അനീഷ് കെ ദാസ്, ജി.എസ്.ഐ മാരായ വേണുഗോപാലൻ, നവാസ്, പ്രൊബേഷൻ എസ്.ഐ നിധിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്, ജോസഫ് ജോയി, സിവിൽ പൊലീസ് ഓഫീസർ തൻസിം ജാഫർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.