ആറാട്ടുപുഴക്കാരന് വധു ജപ്പാനിൽ നിന്ന് !

Monday 07 April 2025 1:49 AM IST

ഹരിപ്പാട്: ആറാട്ടുപുഴക്കാരനായ യുവാവിന് ജപ്പാൻകാരി വധു. പഞ്ചായത്ത് ഒന്നാം വാർഡ് മംഗലം വളവിൽ കരവീട്ടിൽ രാധാകൃഷ്ണൻ, അനിത ദമ്പതികളുടെ മകൻ റാസിലാണ് ജപ്പാൻകാരിയായ സെനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഇന്നലെ രാവിലെ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. സെനയുടെ പിതാവ് ടൊമോക്കിയും മാതാവ് ജിൻകോയും സഹോദരൻ ഷുട്ടോയും ചടങ്ങിന് സാക്ഷികളാകാൻ ജപ്പാനിൽ നിന്ന് എത്തിയിരുന്നു. പിങ്ക് നിറത്തിലുള്ള പട്ട് സാരിയുടുത്ത് കേരളീയ വേഷത്തിലാണ് സെന കല്യാണപന്തലിൽ എത്തിയത്. മാതാവ് ജിൻകോയും സാരിയാണ് ധരിച്ചത്. സനക്ക് ഇംഗ്ലീഷ് ഭാഷയും അറിയാം. എന്നാൽ, മാതാപിതാക്കൾക്ക് ജാപ്പനീസ് മാത്രമാണ് വശം. കർമ്മി റാസിലിനോട് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ സെനയെ അറിയിക്കുകയും അവർ ജാപ്പനീസ് ഭാഷയിൽ മാതാപിതാക്കളോട് വിശദീകരിക്കുകയും ചെയ്താണ് ചടങ്ങുകൾ നിർവഹിച്ചത്. ഇതെല്ലാം കല്യാണത്തിൽ പങ്കെടുക്കാനെത്തിയവർക്ക് കൗതുക കാഴ്ചയായി.

ആസ്ട്രേലിയയിലെ സിഡ്നിയിലാണ് റാസിലും സെനയും ജോലി ചെയ്യുന്നത്. റാസിൽ ഐ.ടി രംഗത്തും എം.ബി.എ ബിരുദധാരിയായ സെനക്ക് ഇൻഷ്വറൻസ് കമ്പനിയിലുമാണ് ജോലി. അവിടെ വച്ചുള്ള പരിചയമാണ് വിവാഹത്തിൽ കലാശിച്ചത്. ദിവസങ്ങൾക്കുശേഷം വധുവും വരനും ആസ്ട്രേലിയയിലെ ജോലി സ്ഥലത്തേക്കും വധുവിന്റെ മാതാപിതാക്കളും സഹോദരനും ജപ്പാനിലേക്കും മടങ്ങും.